District News
പത്തനംതിട്ട: ലഹരി ശൃംഖലകളും വിപണനവും പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് ഓപ്പറേഷൻ തണ്ടർ പത്തനംതിട്ട ജില്ലയിൽ ശക്തമാക്കിയതായി അധികൃതർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു. ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുക, അന്തർസംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയ്ക്കൊപ്പം പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുകയുമാണ് ഇതിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.
നേരത്തെ ലഹരി കേസുകളിൽപ്പെട്ടവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മേയിൽ ജില്ലയിൽ 760 റെയ്ഡുകളാണ് നടത്തിയത്.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിൽ കോഴഞ്ചേരി ചിൽഡ്രൻസ് ഹോസ്പിറ്റലിന് സമീപം താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.968 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 2.661 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് ചെടികൾ, 3.020 ഗ്രാം ഹാഷിഷ് ഓയിൽ, എന്നിവ കണ്ടെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞമാസം 183 അബ്കാരി കേസുകൾ കണ്ടെത്തി 168 പ്രതികളെ അറസ്റ്റ് ചെയ്തു. പുകയിലെ ഉത്പന്നങ്ങൾക്കെതിരേയുള്ള (കോട്പ) പരിശോധനയിൽ 401 കേസുകളിലായി 80,200 രൂപ പിഴ ഈടാക്കുകയും 8.882 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 645 കേസുകളാണ് കണ്ടെടുതതത് വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
District News
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് പരിധിയിൽ വർധിച്ചു വരുന്ന മോഷണക്കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി അബിൻ വർക്കി എംഎൽഎ. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നൂറ് മീറ്ററിനുള്ളിൽ മാത്രം കഴിഞ്ഞദിവസങ്ങളിൽ നാല് മോഷണങ്ങൾ നടന്നു. ആറ് മോഷണങ്ങളാണ് സമീപ ദിവസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ.മോഷണക്കേസുകളിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.
District News
പത്തനംതിട്ട: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാഭരണകൂടം. ഇന്നലെ മുതൽ ജില്ലയിൽ മഴ ശക്തമായിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
കിഴക്കൻ മേഖലയിൽ മഴ ശക്തമായതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. കക്കിയിൽ 78 മില്ലിമീറ്ററും പന്പയിൽ 104 മില്ലിമീറ്ററും മഴയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. പകൽ മഴ ശക്തവുമായിരുന്നു.
ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.
ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്തുതന്നെ അവിടേക്കു മാറിത്താമസിക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി തദ്ദേശ സ്ഥാപന, റവന്യു അധികാരികളുമായി ബന്ധപ്പെടാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ക്കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറിത്താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടം ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്ര മഴ മുന്നറിയിപ്പ് മാറുന്നതുവരെ പൂര്‍ണമായി ഒഴിവാക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത വെണമെന്നും നിർദേശമുണ്ട്.
ജില്ല, താലൂക്ക് കണ്ട്രോള് റൂമുകള്‍
കളക്ടറേറ്റ്- 0468 2322515, 1077
കോഴഞ്ചേരി- 0468 2222221
മല്ലപ്പള്ളി- 0469 2682293
അടൂര്‍- 04734 224826
റാന്നി- 04735 227442
തിരുവല്ല- 0469 2601303
കോന്നി- 0468 2240087
District News
പത്തനംതിട്ട: പുതിയ അധ്യയനവർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഹരിത വിദ്യാലയം കാമ്പെയിന് ജില്ലയിൽ തുടക്കമായി. ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് നടപ്പാക്കുന്ന കാന്പെയ്നിലൂടെ മാലിന്യ നിർമാർജനം, ഉറവിട മലിനീകരണ നിയന്ത്രണം, പുനരുപയോഗം എന്നിവ കുട്ടികളിലേക്ക് പ്രായോഗിക രീതികളിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമസേനാംഗങ്ങൾ സ്കൂളിലെ ഓരോ ക്ലാസ് മുറിയും നേരിട്ട് സന്ദർശിച്ച് 30 മിനിട്ട് കുട്ടികളുമായി സംവദിക്കും. വിവിധതരം മാലിന്യങ്ങൾമൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ, ജൈവ-അജൈവ മാലിന്യങ്ങൾ ശരിയായി വേർതിരിക്കേണ്ടതിന്റെ പ്രായോഗിക രീതികൾ, മാലിന്യ സംസ്കരണത്തിന്റെ സാമൂഹിക, പാരിസ്ഥിതിക പ്രാധാന്യം എന്നിവ ഹരിതകർമസേനാംഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകും.
കാന്പെയ്ന്റെ ഏറ്റവും ആകർഷണീയമായ പ്രവർത്തനം ഒരു സ്വാപ്പ് ഷോപ്പ് കൗണ്ടർ സജ്ജീകരിക്കുകയാണ്. തങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ നല്ല നിലവാരമുള്ള വസ്തുക്കൾ പരസ്പരം കൈമാറാനുള്ള അവസരമാണ് ഈ ഷോപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന പുസ്തകങ്ങൾ, കുടകൾ, ജിയോമെട്രി ബോക്സുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കുട്ടികൾ സ്കൂളിൽ എത്തിക്കുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാരവും മൂല്യവും പരിശോധിച്ച് കുട്ടികൾക്ക് പ്രത്യേക പേപ്പർ ടോക്കണുകൾ നൽകും.
ഈ ടോക്കണുകൾ ഉപയോഗിച്ച് സ്വാപ്പ് ഷോപ്പിൽ ലഭ്യമായിട്ടുള്ള, തങ്ങൾക്ക് ആവശ്യമുള്ള മറ്റേതെങ്കിലും സാധനങ്ങൾ കുട്ടികൾക്ക് സ്വന്തമാക്കാൻ സാധിക്കും. പണമിടപാടുകളില്ലാതെ, പൂർണമായും ടോക്കൺ വ്യവസ്ഥയിലാണ് ഷോപ്പിന്റെ പ്രവർത്തനം.
ഉപഭോഗസംസ്കാരം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഒരു സാധനം കേടുപാടുകൾ കൂടാതെ മറ്റൊരാൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാലിന്യ നിർമാർജനത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള വലിയൊരു ചുവടുവയ്പാണിത്.
ലളിതമായ കൈമാറ്റത്തിലൂടെ റീ യൂസ് എന്ന ആശയം പ്രായോഗികമാക്കാൻ സാധിക്കുമെന്ന് ഈ കുട്ടിഷോപ്പിലൂടെ വിദ്യാർഥികളെ ബോധവത്കരിക്കാനാകും.കാമ്പെയ്ന്റെ ഭാഗമായി ഇന്ന് പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പ്രത്യേക പരിസ്ഥിതി ദിന പ്രതിജ്ഞയും വിദ്യാർഥികൾ ഒന്നിച്ച് ചൊല്ലും. കേരളത്തിന്റെ പ്രകൃതിഭംഗിയും ശുചിത്വവും കാത്തുസൂക്ഷിക്കുമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും കുട്ടികൾ പ്രതിജ്ഞയെടുക്കും.
വിദ്യാലയ പരിസരവും ക്ലാസ് മുറികളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുമെന്നും നാടിനെ ശുചിയായി സൂക്ഷിക്കുന്ന ഹരിത കർമസേനയോടും തദ്ദേശസ്ഥാപനങ്ങളോടും പൂർണമായും സഹകരിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്യും.
District News
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചതില്‍ യുഡിഎഫ് സർക്കാരിന് നന്ദി അറിയിച്ച് കുടുംബം.
തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും മഞ്ജുഷയും മക്കളും സഹോദരൻ പ്രവീൺ ബാബുവും നേരിൽ കണ്ടത്.
സിബിഐ അന്വേഷണം സംബന്ധിച്ച് ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം നിലപാട് സംസ്ഥാന നേതൃത്വം പറയുമെന്ന് ജില്ലാ സെക്രട്ടറി
പത്തനംതിട്ട: എഡിഎം നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് പറയുമെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാ പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. പി.പി. ദിവ്യയെ കേസിൽ പ്രതിയാക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതും സിപിഎമ്മാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നൽകാനുള്ള എല്ലാ നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നുവെന്നും രാജു ഏബ്രഹാം പറഞ്ഞു.
പി.പി. ദിവ്യയെ ന്യായീകരിച്ച് സിപിഎം നേതാവ്
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ബി. ഹർഷകുമാർ. ദിവ്യയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ പെട്രോൾ പമ്പിന്റെ അനുമതിക്കു വേണ്ടി ഒരാൾ അപേക്ഷ നൽകിയത് നവീൻ ബാബു മനഃപൂർവം മാറ്റിവച്ചു. ദിവ്യ നിരന്തരം ആവശ്യപ്പെട്ടിട്ടും അനുമതി കൊടുക്കാതിരുന്ന നവീൻബാബു ഒരു സുപ്രഭാതത്തിൽ അനുമതി കൊടുത്തത് ദിവ്യ അറിഞ്ഞു. അനഭിലഷണീയമായ രീതിയിലാണ് അനുമതി കൊടുത്തതെന്ന് ദിവ്യയ്ക്ക് മനസിലായിക്കാണും.
നവീൻ ബാബുവിന്റെ യാതയയപ്പ് യോഗത്തിൽ അനുമതി ഇല്ലാതെ കടന്നു വന്ന് സംസാരിച്ചതാണ് ദിവ്യ ചെയ്ത തെറ്റ്. മാനസിക ദൗർബല്യം കൊണ്ടാകും നവീൻബാബു ആത്മഹത്യ ചെയ്തത്. അതിന് ദിവ്യയെ എങ്ങനെ കുറ്റം പറയാൻ പറ്റുമെന്ന് ഹർഷകുമാർ ചോദിച്ചു.
District News
അടൂർ: വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം എന്നിവയെക്കുറിച്ചുള്ള ഡോക്ടർമാരുടെ ദേശീയ സമ്മേളനം "ഫീറ്റോ ലൈഫ് 2026' ഏഴിന് അടൂർ ട്രിനിറ്റി കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിന് പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദീൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ അധ്യക്ഷത വഹിക്കും.
കോൺഫറൻസ് ചെയർപേഴ്സണും അടൂർ ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി പ്രസന്നകുമാരി, ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. പി.കെ. ഷീബ എന്നിവർ പ്രസംഗിക്കും.
അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാൽറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ കേരള ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റിയുടെയും കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 250 ഡോക്ടർമാർ കോൺഫറൻസിൽ പങ്കെടുക്കും.
തെരഞ്ഞെടുക്കപ്പെട്ട നാല് പ്രബന്ധങ്ങളുടെ അവതരണത്തിന് പുറമേ നാല് സെഷനുകളിലായി പാനൽ ചർച്ചയും നടക്കും. ഡോ. എം. അനിത, ഡോ. രാജു നായർ, ഡോ. ബിജോയ് ബാലകൃഷ്ണൻ, ഡോ. വി.എച്ച്. ശങ്കർ, ഡോ. ഗീതേന്ദ്ര ശർമ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പാനൽ ചർച്ചകൾ ഡോ. ഷീല ബാലകൃഷ്ണൻ, ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. ബി. പ്രസന്നകുമാരി, ഡോ. ബി.എസ്. കല, ഡോ. ലളിതാംബിക കരുണാകരൻ, ഡോ. സംഗീത മേനോൻ എന്നിവർ നയിക്കും.
District News
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും ദുരൂഹത നീക്കുന്നതിനും അന്വേഷണം സിബിഐക്കു വിടണമെന്ന കുടുംബത്തിന്റേയും കോൺഗ്രസ് പാർട്ടിയുടേയും പൊതുസമൂഹത്തിന്റേയും നിരന്തരമായ ആവശ്യം പരിഗണിച്ച് തീരുമാനം കൈക്കൊണ്ട സംസ്ഥാന സർക്കാരിന്റെ നടപടി സ്വാഗതാർഹവും ജനപക്ഷ നിലപാടുമാണെന്ന് പത്തനംതിട്ട ഡിസിസി.
നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിനു ശേഷം ഇൻക്വസ്റ്റ് നടപടികൾ, പോസ്റ്റ്മോർട്ടം, നാട്ടിൽ എത്തിച്ചുള്ള സംസ്കാരം എന്നിവയിൽ ഉൾപ്പെടെ പിണറായി സർക്കാരിന്റേയും കണ്ണൂർ ജില്ലാ കളക്ടർ, സിപിഎം പാർട്ടി നേതാക്കൾ എന്നിവരുടെ നിലപാടുകളും നടപടികളും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നതിനും തെളിവുകൾ ഇല്ലാതാക്കുന്നതിനും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവരാതിരിക്കാനുമായിരുന്നുവെന്ന് പകൽപോലെ വ്യക്തമായിന്നുവെന്നും സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിർത്ത മുൻ സർക്കാർ നടപടി അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലും ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും പറഞ്ഞു.
സത്യസന്ധനും നീതിമാനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമായിരുന്ന നവീൻ ബാബുവിനെ അഴിമതിക്കാരനായിപോലും ചിത്രീകരിക്കുവാൻ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ സഹായത്തോടെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയതായും ഇക്കാര്യങ്ങളിലെല്ലാമുള്ള പാർട്ടി നേതാക്കളുടേയും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും പങ്കും സിബിഐ അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ടെന്നും ഡിസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
District News
പത്തനംതിട്ട: ആർസിസിയിലും മറ്റും ചികിത്സ തേടിയ അർബുദ രോഗികൾക്കാവശ്യമായ മരുന്നുകൾ പത്തനംതിട്ട ഇഎസ്ഐ ഡിസ്പെൻസറി മുഖേന വിതരണം ചെയ്യണമെന്നാവശ്യം. കാൻസർ രോഗത്തിനു ആർസിസിയിൽ ചികിത്സ തേടിയവർക്ക് തുടർചികിത്സ കോഴഞ്ചേരി ജില്ലാ ആശുപത്രിയോടു ചേർന്ന കാൻസർ ചികിത്സാ കേന്ദ്രത്തിൽ ലഭ്യമായിരുന്നു. എന്നാൽ അവിടെയും അത്യാവശ്യ മരുന്നുകൾ ഇല്ലാത്ത സ്ഥിതിയാണ്.
ഇഎസ്ഐ പരിധിയിലുള്ള രോഗികൾ മരുന്ന് വാങ്ങാൻ കോട്ടയം വടവാതൂർ ഇഎസ്ഐ ആശുപത്രിവരെ പോകണം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി മരുന്ന് വാങ്ങിയാലും അതിന്റെ കടലാസുകൾ ശരിയാക്കാനും വടവാതൂർവരെ പോകണം.
അർബുദ ചികിത്സയ്ക്കു പുറമേനിന്ന് വൻ തുക ചെലവഴിച്ചാണ് മരുന്ന് വാങ്ങേണ്ടിവരുന്നത്. പത്തനംതിട്ടയിലെ ഇഎസ്ഐ ഡിസ്പെൻസറിയിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തി ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റാന്നി അങ്ങാടി സ്വദേശി ആരോഗ്യമന്ത്രി, ആന്റോ ആന്റണി എംപി, പഴകുളം മധു എംഎൽഎ, ഇഎസ്ഐ ജോയിന്റ് ഡയറക്ടർ എന്നിവർക്കു പരാതി നൽകി.
District News
പത്തനംതിട്ട: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉത്പന്നങ്ങളെ ദേശീയ, അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്കു ജില്ലയിൽ തുടക്കമാകും. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച് ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവത്കരണ പരിപാടി പത്തനംതിട്ട ആത്മ പ്രോജക്ട് ഡയറക്ടർ എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങൾ വാങ്ങാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് സി. പുഷ്പ മുഖ്യപ്രഭാഷണം നടത്തി. കേര കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് മാനേജർ ഡോ.എം. നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് സുകുമാരൻ ആചാരി (കേരള കൺസോർഷ്യം എഫ്പിസി), മനോജ് എസ്. (പമ്പാവാലി എഫ്പിസി) എന്നിവർ പ്രസംഗിച്ചു.
കേര പ്രോജക്ട് കൺസൾട്ടന്റ് ജിഷ്ണു സുരേഷ് പോർട്ടൽ പരിചയപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്റ് ബയാനുസ്മാൻ നന്ദി പറഞ്ഞു.
District News
പത്തനംതിട്ട: പ്രകൃതിദത്ത ജലസംഭരണികൾ മലീമസം. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങൾക്കും സ്രോതസുകളായി മാറേണ്ട സംഭരണികളാണ് കാടുമൂടിയും പായൽനിറഞ്ഞുംകിടക്കുന്നത്. വർഷം മുഴുവൻ ജലസമൃദ്ധമായ കുളങ്ങൾ സംരക്ഷിക്കുന്നതിനായി പദ്ധതികൾ തയാറാക്കാറുണ്ടെങ്കിലും ഇവയൊന്നും പ്രാവർത്തികമായതുമില്ല. ഏറ്റെടുത്തവയാകട്ടെ പൂർത്തിയാക്കാതെയും തുടർ പ്രവർത്തനങ്ങളില്ലാതെയും പോയതുകാരണം പ്രയോജനപ്പെട്ടതുമില്ല.
ഇതോടെ ജില്ലയിലെ മിക്ക ജലാശയങ്ങളും മാലിന്യ വാഹിനികളായി. പോളകളും പായലുംനിറഞ്ഞ ജലാശയങ്ങളെ പലയിടത്തും അവഗണിക്കുകയും ചെയ്തു. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾപോലും ഈ ജലാശയങ്ങളെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജലസ്രോതസുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി പദ്ധതികൾ തയാറാക്കി നടപ്പാക്കുകയാണ് വേണ്ടത്.
പന്നിവേലിച്ചിറ
ജില്ലയിലെ ഏക ഫിഷ് ഹാച്ചറി പ്രവർത്തിക്കുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറയുടെ അവസ്ഥ ദയനീയമാണ്. ഫിഷറീസ് വകുപ്പിനു കീഴിലാണ് ഹാച്ചറിയുടെ പ്രവർത്തനം. എന്നാൽ കാര്യക്ഷമമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നില്ല. കൂടാതെ ചിറയോടു ചേർന്നുള്ള 50 ഏക്കർവരുന്ന വിശാലമായ ജലാശയത്തിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു.
പദ്ധതി നടപ്പായില്ലെന്ന് മാത്രമല്ല ജലം പായൽ മൂടി മലിനമായികിടക്കുകയാണിപ്പോൾ. മൾട്ടിസ്പീഷീസ് ഫിഷ് ഹാച്ചറിയാണ് ഇവിടെയുള്ളത്. മീൻകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ജലക്കൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഹാച്ചറിയുടെ വികസനത്തിനുപോലും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കോടികണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാവുന്ന പദ്ധതി ഇപ്പോൾ പേരിനു മാത്രം നടന്നുവരുന്നു.
ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് ഏറെ പ്രാധാന്യം നൽകി വികസിപ്പിക്കാൻ കണ്ടെത്തിയ പ്രദേശംകൂടിയാണിവിടം. ഇതിന്റെ ഭാഗമായി പന്നിവേലിച്ചിറ പാടശേഖരത്തിൽ വിത ഉത്സവങ്ങൾ മുറപോലെ നടക്കാറുണ്ട്.
പന്നിവേലിച്ചിറ കേന്ദ്രമാക്കി ടൂറിസം പദ്ധതികൾ അടക്കം തയാറാക്കായിരുന്നു. വിശാലമായ പാടശേഖരവും ചിറയും സംരക്ഷിച്ച് ആകർഷണീയമാക്കാൻ കഴിയുന്നതാണ്. കൃഷിക്കും ടൂറിസത്തിനും മീൻ വളർത്തലിനുമെല്ലാം സാധ്യതയുള്ള പ്രദേശത്തെ ജലസ്രോതസും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ചിറയ്ക്കൽ കുളം
ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച എഴുമറ്റൂർ പഞ്ചായത്ത് 15 -ാം വാർഡിലെ ചിറയ്ക്കൽ കുളം മാലിന്യം നിറഞ്ഞുകിടക്കുകയാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. കുളത്തിന് സമീപത്തെ കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യം കുളത്തിൽ കെട്ടികിടക്കുകയാണ്. പായലും കാടും നിറഞ്ഞതോടെ കുളത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടികജാതി, വർഗ വിഭാഗക്കാർ അടക്കം 33 കുടുംബങ്ങളുള്ള മൂന്നുസെന്റ് കോളനിയിൽ ഉള്ളവരാണ് പ്രധാനമായും കുളത്തെ ആശ്രയിക്കുന്നത്. കുളം മലിനമായതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.
നാട്ടുകാർക്ക് ആശ്രയമായ കുളം നവീകരിച്ച് മികച്ച രീതിയിൽ സംരക്ഷിക്കാൻ ഒരു വർഷം മുമ്പാണ് പദ്ധതി തയാറാക്കിയത്. 2025 മാർച്ചിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 12.6 ലക്ഷം രൂപ അനുവദിച്ചായിരുന്നു നവീകരണം. ചെളിനീക്കം ചെയ്ത് ആഴം വർധിപ്പിക്കുകയും വശങ്ങളിലെ കാട് നീക്കം ചെയ്യുകയുമുണ്ടായി. തകർന്ന സംരക്ഷണ ഭിത്തികളും പടവുകളും നവീകരിച്ചു.
കുളത്തിലേക്ക് വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയതോടെ പഴയ അവസ്ഥയിലായി. കെട്ടിക്കിടക്കുന്ന മാലിന്യം ജീർണിച്ച് പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. സമീപത്തെ കിണറുകളിലേക്കും മലിനജലം കടന്നുകയറും. കുളത്തിന്റെ സ്ഥിതി ശോചനീയമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. നേരത്തേ കുളം നവീകരിച്ചപ്പോൾ കുളത്തിനുചുറ്റും സംരക്ഷണവേലി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. തുക അനുവദിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ഉള്ളൂർ ചിറ
കോയിപ്രം പഞ്ചായത്തിലെ ഉള്ളൂർ ചിറ മാലിന്യംനിറഞ്ഞ് ദുർഗന്ധ പൂരിതമായിട്ട് കാലങ്ങൾ കഴിഞ്ഞു. 20 ഏക്കറിൽ അധികം വരുന്ന കുളവും പരിസരവും ടൂറിസം മേഖലയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ഇടതു സർക്കാർ ബജറ്റിൽ വൻ തുക അനുവദിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ കിടമത്സരവും ജനപ്രതിനിധികൾക്കിടയിലെ പടലപ്പിണക്കങ്ങളും കാരണം പദ്ധതി നടക്കാതെ പോയി.
ഒരിക്കലും വറ്റാത്ത ജലസാന്നിധ്യമാണ് ചിറയുടെ പ്രത്യേകത. ചിറയോടുചേർന്ന് ചുറ്റും ജനവാസ മേഖലയാണ്. ചിറ കൈയേറിയാണ് പലരും വീട് നിർമിച്ചതെന്ന് ആക്ഷേപമുണ്ട്.
ഊരുമഠം ഏലാകുളം
അടൂരിലെ ഏറത്ത് പഞ്ചായത്തിൽപ്പെട്ട ചൂരക്കോട് ഊരുമഠം ഏലായിലെ കുളം പായൽ കയറി നശിക്കുകയാണ്. വേനൽക്കാലത്ത് നാടെങ്ങും കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴാണ് ഏറെ ജലലഭ്യതയുള്ള കുളം കടുകയറി പായൽമൂടി നശിക്കുന്നത്.
2023-24ൽ കുളത്തിന്റെ നവീകരണം നടന്നിരുന്നു. കുളത്തിനുചുറ്റും കൽക്കെട്ടും റോഡരികിൽ മാലിന്യം തള്ളാതിരിക്കാൻ കമ്പിവേലിയും സ്ഥാപിച്ചു. എന്നാൽ കുളത്തിന്റെ ഒരു വശം കാടുകയറിയ നിലയിലാണ്.
പായൽ വാരി ചെളിനീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. കുളത്തിലേക്ക് ഉറവ എത്തുന്ന മാർഗത്തിൽ ഇരുമ്പുവല ഇട്ട് വീണ്ടും പായൽ കടന്നുവരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന നിർദേശവുമുണ്ട്.
കുളത്തിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവാണ്. വാഹനങ്ങളിൽ പോകുന്നവരടക്കം നടത്തുന്ന ഇത്തരം പ്രവൃത്തികളാണ് ഊരുമഠം കുളത്തിന്റെ ശാപം.
വരാൽ ചാൽ
കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർ കുന്നം ഗ്രാമത്തിനും കടപ്രയ്ക്കും മധ്യേയുള്ള വരാൽചാൽ പ്രസിദ്ധമാണ്. പണ്ട് വരാൽ മത്സ്യത്താൽ സമ്പന്നമായതിനാലാണ് വരാൽചാൽ എന്ന നാമം ലഭിച്ചത്. ഇന്നിപ്പോൾ വരാൽ മത്സ്യത്തിനു പകരം പെരുമ്പാമ്പും നീർനായയുമാണ് ചാലിലെന്ന് നാട്ടുകാർ. കോയിപ്രത്തുനിന്നുള്ള അംഗമായിരുന്ന അന്ന പൂർണാദേവി പ്രസിഡന്റായിരുന്ന കാലയളവിൽ 30 ലക്ഷം മുടക്കി ജില്ലാ പഞ്ചായത്ത് ചാലിലെ ചെളിയും പായലും നീക്കം ചെയ്തിരുന്നു. വീണ്ടും സംരക്ഷണില്ലാതെ വന്നതോടെ വരാൽചാൽ പായൽ നിറഞ്ഞു. അധിനിവേശ സസ്യങ്ങളും നിറഞ്ഞു. ജലസമ്പത്തിനെ ഞെക്കിക്കൊല്ലാൻ ശേഷിയുള്ള കബോബ എന്ന സസ്യമാണ് വരാൽചാലിന്റെ അന്തകനായി മാറിയത്.
പിങ്കു നിറമുള്ള പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാൻ പ്രത്യേക ഇമ്പമുണ്ടെങ്കിലും പ്രകൃതിക്ക് ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. അമേരിക്കൻ രാജ്യങ്ങളിൽനിന്നാണ് കബോബ കേരളത്തിൽ എത്തിയതെന്ന് കരുതുന്നു. ഫർക്കാറ്റ അഥവ പിങ്ക് ഫോർക്ഡ് ഫാൻവർട്ട് എന്ന സസ്യമാണിത്. നാട്ടിൽ മുള്ളൻപായൽ, ചല്ലിപായൽ എന്നിങ്ങനെ ഇത് അറിയപ്പെടുന്നു. ഇലകൾ പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചെടിയാണിത്. ഇതിന്റെ പൂക്കൾ മാത്രമാണു പുറമേ കാണുക. ജലത്തിലെ ഓക്സിജൻ വലിച്ചെടുക്കുന്ന സസ്യമായതിനാൽ മത്സ്യ സമ്പത്തിനാണ് ഏറെ നാശം സംഭവിക്കുക. ജലം മലീമസമാകാനും ഇത് വഴിഒരുക്കും.
District News
തിരുവല്ല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കടപ്ര സെന്റ് മേരീസ് ഹൈസ്കൂളില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിക്കും.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, ആത്മ പത്തനംതിട്ട, ജില്ല പഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
പ്രകൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് , കാലാവസ്ഥയ്ക്കായി - നമ്മുടെ ഭാവിക്കായി എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിന പ്രമേയം.
ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ മുഖ്യസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.വി. അമ്പിളി, അംഗങ്ങളായ സാം ഈപ്പന്, നീതു മാമ്മന്‍ കൊണ്ടൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നിരണം,
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ ലിജി ആര്. പണിക്കര്‍, പ്രസന്ന സതീഷ്, വി. ബി. ഹരിദാസി, ജോളി ഈപ്പന്, കെ. ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. പുഷ്പ പരിസ്ഥിതിദിന സന്ദേശം നല്‍കും.
District News
പുല്ലാട്: ലോക പരിസ്ഥിതിദിനത്തിനു മുന്നോടിയായി ഗ്രാമീണപാത നവീകരിച്ച് ഇരുവശങ്ങളിലും പൂച്ചട്ടികള്‍ വച്ച് വ്യത്യസ്തനാകുകയാണ് രതീഷ് കെ. മോഹന്‍. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയോടു ചേര്‍ന്നുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാര്‍ഡില്‍പ്പെട്ട പുല്ലാട് ജംഗ്ഷന് മുതല്‍ കാലായിക്കുഴി വരെയുള്ള റോഡിന്റെ 25 മീറ്ററിലാണ് പൂച്ചട്ടികളും പച്ചനെറ്റും സ്ഥാപിച്ച് രതീഷിന്റെ നേതൃത്വത്തിൽ റോഡ് ഹരിതാഭമാക്കിയത്. പുല്ലാട് ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ തുടക്കത്തില്നിന്നുമുള്ള റോഡിന്റെ ഇരുവശത്തും പൂച്ചട്ടികള്‍ സ്ഥാപിച്ചു. 11 വീടുകൾ ഗ്രാമീണപാതയോരത്തുണ്ട്.
കാടുകയറിയും തകർന്നു കിടന്നതുമായ പാതയിൽ മാലിന്യങ്ങൾ വ്യാപകമായി തള്ളിയിരുന്നു. രാത്രികാലങ്ങളില്‍ ലഹരി വ്യാപാരവും റോഡ് കേന്ദ്രീകരിച്ച് നടന്നിരുന്നു. ഇതിനെതിരേയുള്ള ഒറ്റയാള്‍ പോരാട്ടമാണ് രതീഷ് കെ. മോഹന്‍ എന്ന യുവാവ് നടത്തിയത്.
തരിശിടങ്ങളിലെ മലിനജലവും കൊതുകുകളുടെ ശല്യവും പ്രദേശവാസികൾക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്. റോഡ് വൃത്തിയാക്കാനുള്ള ഒരു നടപടിയും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെയാണ് റോഡിന്റെ ഉപയോക്താക്കളായ ആളുകളുടെ സഹായത്തിൽ നവീകരിക്കാന്‍ തീരുമാനിച്ചത്.
റോഡിന്റെ നവീകരണമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോ. പുണ്യ ചന്ദ്രന് പ്രദേശവാസികളുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. റോഡ് മുഴുവനായി പൂച്ചട്ടികള്‍ വയ്ക്കാനുള്ള സഹായം മെംബർ വാഗ്ദാനം ചെയ്തതായി രതീഷ് കെ. മോഹന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടായിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
District News
തിരുവല്ല: പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യന്റെ ഒരുമയുടെ സവിശേഷതയാണെന്ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത. വൈഎംസിഎ സബ് റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൈവയ്ക്കാം തണലേകാം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ദേശീയ പരിസ്ഥിതി മിഷൻ വൈസ് ചെയർമാൻ ജൂബിൻ ജോൺ, മുൻ റീജണൽ ചെയർമാൻ വി.സി. സാബു,
ദേശീയ സമിതിയംഗം ജോസഫ് നെല്ലാനിക്കൽ, ഒസിവൈഎം കേന്ദ്ര ട്രഷറാർ രെഞ്ചു എം. ജോയി, ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സബ് റീജിയൻ വൈസ് ചെയർമാൻ തോമസ് വി. ജോൺ, സമിതിയംഗം കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
District News
കോഴഞ്ചേരി: സംസ്ഥാന പാതകളിലേതടക്കം കാട് തെളിക്കാൻ പദ്ധതികളില്ല. കാട് വളർന്ന് പാതയോരങ്ങൾ പാന്പിനും പന്നിക്കും വരെ താവളമായി മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ സഞ്ചാരപഥത്തെപ്പോലും തടസപ്പെടുത്തിയാണ് പലയിടത്തും കാട് വളർന്നു നിൽക്കുന്നത്.
തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ പലയിടത്തും കാട് വളർന്ന് റോഡിലേക്ക് കയറിയിട്ടുണ്ട്.
പുല്ലാട് ജംഗ്ഷനോടു ചേര്‍ന്നുള്ള പാടശേഖരങ്ങള്‍ മുഴുവന്‍ കാടുകയറിക്കിടക്കുകയാണ്. കാട് വെട്ടിത്തെളിക്കാനുള്ള ഒരു സമീപനവും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കോയിപ്രം പഞ്ചായത്തിലെ റോഡുകളുടെ വശങ്ങളിലെല്ലാം കാട് കയറിയിരിക്കുകയാണ്.
കാൽനട യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡരികിലെ കുറ്റിക്കാടുകളിലേക്ക് മാലിന്യം തള്ളുന്നതും പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. പാന്പിന്റെയും രാത്രികാലങ്ങളിൽ പന്നിയുടെയും ശല്യം ഈ ഭാഗങ്ങളിലുണ്ടാകുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഇല്ല
പാതയോരങ്ങളിലെ കാട് തെളിക്കൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാനാകില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. മുന്‍പ് ഗ്രാമീണറോഡുകളിലേതടക്കം കാട് തെളിക്കൽ തൊഴിലുറപ്പ് പദ്ധതിമുഖേന നടത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ റോഡുമായി ബന്ധപ്പെട്ട ജോലികൾ ഏറ്റെടുക്കാനാകില്ലത്രേ.
റോഡുകൾ നവീകരിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ കാട് വെട്ടലും നടത്തുന്നത്. ഗ്രാമീണ റോഡുകൾക്കൊപ്പം പൊതുമരാമത്ത് വകുപ്പ് റോഡരികിലും കാട് വളർന്നു കയറുകയാണ്. പല പ്രധാനപ്പെട്ട റോഡുകളിലേക്കും വളർന്നുനിൽക്കുന്ന കാട് യാത്രക്കാർക്ക് ശല്യമായി മാറിയിട്ടുണ്ട്. പൊതു പ്രവർത്തകർ സന്നദ്ധ പ്രവർത്തനമായാണ് പലയിടത്തും കാട് തെളിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയിടങ്ങളിലെ കാട് വെട്ടിത്തെളിക്കാനുള്ള ജോലികൾക്കുപോലും അനുമതി നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം. മഴക്കുഴി നിർമാണം, ജലനിർഗമന മാർഗങ്ങൾ തെളിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.
പാമ്പിൻ ഭീഷണിയിൽ കാട് തെളിക്കാൻ നാട്ടുകാർ റോഡിലിറങ്ങി
ഇലന്തൂർ: കുട്ടികൾ പതിവായി കാൽനടയായി സ്കൂളിലേക്ക് പോകുന്നതും വരുന്നതുമായ റോഡിൽ പാമ്പിനെ കണ്ടതോടെ തങ്ങളുടേതായ ജോലികൾക്ക് അവധികൊടുത്ത് റോഡിലെ കാട് വെട്ടിത്തെളിച്ച് സഞ്ചരയോഗ്യമാക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങി.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പ്രധാന ഇടറോഡായ പുറത്തുട്ട് പടി - ഇല്ലത്തുകാല-വിക്ടറി ക്ലബ് റോഡിലെ കാടാണ് വെട്ടിത്തെളിച്ചത്. വാഹനയാത്രയ്ക്കുതന്നെ തടസമാകുന്ന വിധത്തിൽ റോഡിൽ കാട് വളർന്നിരുന്നു.
ഇതു വെട്ടുന്നതിനായി പല പരാതികളും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പ്രദേശവാസികളായ സജി ഇലവുനിൽക്കുന്നിൽ, സിനു ഇല്ലത്തുപറമ്പിൽ, ബീന ഇലവുനിൽക്കുന്നതിൽ, എബി ഇല്ലത്തുകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറങ്ങിയത്.
District News
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലക്കയറ്റവും ലഭ്യതക്കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാചക വാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ അധ്യയന വർഷത്തതിനേക്കാൾ മൂന്നുതവണ ഇതിനോടകം വർധിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയിലാകട്ടെ വൻ വർധനയാണുള്ളത്. 100 കുട്ടികളുള്ള സ്കൂളിൽ ഒരു മാസം കുറഞ്ഞത് രണ്ട് സിലിണ്ടറുകൾ എങ്കിലും വേണം. നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരം സ്കൂളുകൾക്ക് ഒരു മാസം ഒന്നിലധികം സിലിണ്ടറുകൾ ബുക്ക് ചെയ്യാനാകില്ല.
ഇന്ധനവില വർധനയേ തുടർന്ന് പൊതുവിപണിയിൽ സാധനങ്ങളുടെ വിലയും വർധിച്ചു തുടങ്ങി. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സർക്കാർ നൽകുന്നത്. പാചകക്കാരുടെ കൂലിയും നൽകും. മറ്റു ചെലവുകളെല്ലാം അതാത് സ്കൂൾ പ്രഥമാധ്യാപകർക്കു ലഭിക്കുന്ന പണത്തിൽ നിന്ന് വേണം ചെലവഴിക്കേണ്ടത്. അഞ്ചാംക്ലാസ് വരെ ഒരു കുട്ടിക്ക് 6.78 രൂപയും എട്ടാംക്ലാസ് വരെ 10.17 രൂപയുമാണ് ലഭിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കാണ്.
പദ്ധതിയുടെ 60 ശതമാനം തെലവും കേന്ദ്രമാണ് വഹിക്കുന്നത്. 40 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. പാചക വാതക വില വർധനയുടെ പശ്ചാത്തലത്തിൽ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള നിർദേശപ്രകാരമാണ് ഉച്ചഭക്ഷണ മെനു. കൂടാതെ ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകണമെന്നാണ് നിർദേശം.
വിറക് അടുപ്പുകളും ഉപയോഗിക്കാം
പാചക വാതക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ വിറകടുപ്പുകളും ഉപയോഗിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയിട്ടുണ്ട്. പാചക വാതക ലഭ്യത സാധാരണ നിലയിലായാൽ വിറക് അടുപ്പുകൾ മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നതിൽ പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടാകുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. വിറകിന്റെ വില തന്നെയാണ് ഇതിൽ പ്രധാനം. വിറകടുപ്പ് കത്തിക്കണമെങ്കിൽ പാചകപ്പുരയിൽ പ്രത്യേക ഇടം കണ്ടെത്തണം.
എല്ലാ സ്കൂളുകളിലും പാചകവാതകം ഉപയോഗിക്കാൻ മൂന്നുവർഷം മുന്‍പ് കേന്ദ്ര സർക്കാരാണ് നിർദേശിച്ചത്. ഇതോടെ എല്ലായിടത്തെയും വിറകടുപ്പുകൾ നീക്കം ചെയ്തിരുന്നു. സിലിണ്ടറുകളുടെ ക്ഷാമം പ്രഥമാധ്യാപകരെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. പാചക വാതകം ഇല്ലെന്ന പേരിൽ ഉച്ചഭക്ഷണം ഒരു ദിവസം പോലും മുടക്കാനും കഴിയില്ല.
District News
പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന മൂലം കാറ്ററിംഗ് മേഖല അവരുടെ റേറ്റ് വർധിപ്പിക്കാന്‍ തീരുമാനിച്ചു. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയെല്ലാം വളരെയധികം വില വർധിച്ചതിനാല്‍ കാറ്ററിംഗ് മേഖല അതീവ പ്രതിസന്ധിയിലാണ്. മുന്‍കൂട്ടിയെടുത്ത ഓര്‍ഡറുകള്‍ ചെയ്യാനാകാത്ത അവസ്ഥയിലാണ് പല യൂണിറ്റുകളുമെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ജില്ലയിലെ 200ല്‍ പരം കാറ്ററിംഗ് യൂണിറ്റുകളും അവരുടെ റേറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ഗോവധ നിരോധനം കാരണം പോത്തിറച്ചി, കാളയിറച്ചി തുടങ്ങിയവ സുലഭമായി ലഭിക്കുന്നില്ല. അതേപോലെ മത്സ്യത്തിന് ഇരട്ടയിലധികം വില ആയിരിക്കുകയാണ്. കോഴിയുടെ വിലയും വളരെയധികം വർധിച്ചിരിക്കുകയാണ്.
കാറ്ററിംഗ് യൂണിറ്റുകളില്‍ നിരവധി കുടുംബങ്ങള്‍ ഉപജീവനമാർഗമായി ജോലി എടുക്കുന്നുണ്ട്. ജില്ലയില്‍ രണ്ടായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ യൂണിറ്റുകള്‍ മുഖേന കഴിയുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം കൂട്ടിക്കൊടുക്കുവാന്‍ ഓരോ യൂണിറ്റുകളും നിര്‍ബന്ധിതരാകുകയാണെന്ന് അസോസിയേഷന് പ്രസിഡന്റ് ചെറിയാന് ജോസഫ്, ജനറല്‍ സെക്രട്ടറി സിഞ്ചു മാത്യു, ട്രഷറാര്‍ ലാല്‍ഡി മാത്യു എന്നിവര്‍ അറിയിച്ചു.
District News
പത്തനംതിട്ട: നഗരസഭയിലെ ദുരന്തനിവാരണ-മുന്‍കരുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കും. പൊതുജനങ്ങള്‍ക്ക് അപകട സാഹചര്യങ്ങളില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ കെഎസ്ഇബിയുടെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ വെട്ടിമാറ്റും. വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ കെഎസ്ഇബി ഉറപ്പാക്കും.
നഗരത്തിലെ പ്രധാന ഓടകളിലെയും തോടുകളിലെയും തടസങ്ങള്‍ നീക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ പിഡബ്ല്യൂഡി, നഗരസഭ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും.
വെള്ളപ്പൊക്ക ദുരന്ത സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
കാലവര്‍ഷക്കെടുതികള്‍ ലഘൂകരിക്കുന്നതിന് എല്ലാ കുപ്പുകളും പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ നഗരസഭയുടെയും മറ്റ് സുരക്ഷാ സേനകളുടെയും നിര്‍ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അറിയിച്ചു.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആശാ മോഹന്‍രാജ്, അന്‍സാര്‍ മുഹമ്മദ്, സജിനി മോഹന്‍, കൗണ്‍സിലര്‍മാരായ നെജീം രാജന്, എ സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
District News
വടശേരിക്കര: വടശേരിക്കര ടൗണിലും ജനവാസ മേഖലകളിലും നിരന്തരം ഇറങ്ങുന്ന കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികൾ ജനജീവിതത്തിനും കൃഷിവിളകൾക്കും വൻ നാശനഷ്ടം വരുത്തുന്നതിനെതിരേ കേരള കോൺഗ്രസ് - എം, കർഷക യൂണിയൻ-എം റാന്നി നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
വടശേരിക്കര ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് - എം നേതാക്കളായ മനോജ് മാത്യു, എം. സി. ജയകുമാർ, ടോമി വടക്കേമുറി, ജോൺ വി. തോമസ്, തോമസ് മോഡി, ലിജോ വാളനാംകുഴി, ബഹനാൻ ജോസഫ്, സാബു കുറ്റിയിൽ, അന്നമ്മ വർഗീസ്, ശോഭ ചാർലി, അനീന ശാമുവേൽ, ബാബു അന്തിയാംകുളം, വി. ജി. റജി, ഷാജി വി. മാത്യു, കെ.പി. തോമസുകുട്ടി, രാജു മാംപ്ലാക്കൽ, ചാർളി ഏബ്രഹാം, ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു.
District News
അടൂർ: അടൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ലയൺ വിന്നി ഫിലിപ്പിനെയും സി.വി. ശാന്തകുമാർ എംഎൽഎയെയും ആദരിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സന്തോഷ് എം. സാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അടൂർ നിയോജക മണ്ഡലത്തിലെ 10 സ്കൂളുകൾക്കായി ക്ലബ് നൽകുന്ന വാട്ടർ പ്യൂരിഫയറുകളുടെ വിതരണ ഉദ്ഘാടനം സി.വി. ശാന്തകുമാർ എംഎൽഎ നിർവഹിച്ചു.
സ്കൂൾ അധികൃതർക്ക് പ്യൂരിഫയറുകൾ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.
സ്കൂളുകളിലേക്കുള്ള പഠനോപകരണങ്ങളുടെ വിതരണം അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പ്രീതു ജഗതി, ബിജു വർഗീസ്, ജെൻസി കടുവങ്കൽ, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബിമൽ സി. ശേഖർ,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മോഹനൻ പിള്ള, ഡിസ്ട്രിക്ട് ട്രഷറർ പി.സി. ചാക്കോ, പിആർഒ എം.ആർ.പി. പിള്ള, റീജണൽ ചെയർമാൻ പി.എസ്. ബാബു, അനൂപ് വർഗീസ്, അലൻ ഡെന്നി ജയിംസ്, ജി. ബാബു എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയനിലെ സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കരയോഗ ഭാരവാഹികളുടെയും വനിതാ സമാജം ഭാരവാഹികളുടെയും താലൂക്ക്തല നേതൃയോഗം യൂണിയൻ പ്രസിഡന്റ് ആർ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.
മംഗല്യനിധി പദ്ധതി നടപ്പിലാക്കുന്നതിനും പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തനങ്ങൾ യൂണിയന്റെ എല്ലാ കരയോഗങ്ങളിലും വ്യാപിപ്പിക്കുന്നതിനും തീരുമാനിച്ചു. കോന്നി ഇളകൊള്ളൂരിലുള്ള മന്നം പാലിയേറ്റീവ് കെയർ സെന്ററിൽ ആംബുലൻസ് സൗകര്യങ്ങളോടെയുള്ള ജെറിയാട്രിക് സെന്ററും പ്രവർത്തനം തുടങ്ങും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി വി. ഷാബു, ഇൻസ്പെക്ടർ ആർ. രാജേഷ്കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി,യൂണിയൻ ഭാരവാഹികളായ ഗീത സുരേഷ്, അഖിലേഷ് എസ്. കാരയാട്ട്, എം. അജിത്, ജി.കൃഷ്ണകുമാർ, എ. ആർ. രാജേഷ്, കമലാസനൻ കാര്യാട്ട്, ശ്രീജിത്ത് പ്രഭാകർ,
രാജേന്ദ്രനാഥ് കമലകം, സത്യൻ നായർ, പി. എൻ. രഘൂത്തമൻനായർ, എം.ആർ. ശശിധരൻനായർ, എൻ. ആർ. വിജയക്കുറുപ്പ്, ശശികുമാരൻ നായർ, രാജീവ് കുമാർ, ഹരിചന്ദ്രൻനായർ, ബാലചന്ദ്രൻ നായർ, സി. കൃഷ്ണകുമാർ, ശിവകുമാർ, രഘുനാഥൻ നായർ,എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽ 12081 അപേക്ഷകർ. എസ്എസ്എൽസി കഴിഞ്ഞ 11292 അപേക്ഷകരാണ് പ്ലസ് വണ്ണിനുള്ളത്. സിബിഎസ്ഇയിൽ നിന്ന് 605, ഐസിഎസ്ഇയിൽ നിന്ന് 108, ഇതര പരീക്ഷാ ബോർഡുകളിൽ നിന്ന് 76 പേരും അപേക്ഷകരായുണ്ട്.
ജില്ലയ്ക്കു പുറത്തു നിന്ന് 2843 അപേക്ഷകരാണ് ജില്ലയിലെ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. മോഡൽ റസിഡൻഷൽ സ്കൂളിലേക്ക് 27 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. എട്ടിനാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് 15നു നടക്കും. ജൂലൈ ഒന്നുവരെ മുഖ്യഅലോട്ട്മെന്റുകളുണ്ടാകും. ജൂലൈ രണ്ടിന് ക്ലാസുകൾ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
പ്ലസ് വൺ സീറ്റുകൾ 14,072
296 ബാച്ചുകളിലായി പ്ലസ് വണ്ണിന് 14072 സീറ്റുകളാണ് ജില്ലയിലുള്ളത്. ആവശ്യാനുസരണം സീറ്റുകളുള്ളതിനാൽ ജില്ലയിൽ അഡീഷണൽ സീറ്റുകളോ മാർജിനൽ സീറ്റുകളോ നൽകിയിട്ടില്ല. ഇക്കൊല്ലം 9200 കുട്ടികൾ മാത്രമാണ് പത്തനംതിട്ട ജില്ലയിൽ എസ്എസ്എൽസിക്ക് ഉപരിപഠന യോഗ്യത നേടിയത്. 1500 ഓളം വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 81 ബാച്ചുകളാണുള്ളത്. 4050 കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഈ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കാം. എയ്ഡഡ് സ്കൂളുകളിലെ 175 ബാച്ചുകളിലായി 8750 കുട്ടികൾക്കാണ് പ്രവേശനം.
29 അൺഎയ്ഡഡ് ബാച്ചുകൾക്ക് 1450 സീറ്റുകളുണ്ട്. മൂന്ന് സ്പെഷൽ സ്കൂൾ ബാച്ചുകളിൽ 122 സീറ്റുകളാണുള്ളത്. ഒരു റസിഡൻഷൽ സ്കൂളിൽ 50 കുട്ടികൾക്കും പ്രവേശനം നൽകും. ടെക്നിക്കൽ സ്കൂളുകളിലെ ഏഴ് ബാച്ചുകളിലായി 100 സീറ്റുകളുണ്ട്. ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളവർക്കെല്ലാം സീറ്റ് ഉറപ്പാണ്. എന്നാൽ ഇഷ്ട വിദ്യാലയങ്ങളും ഇഷ്ട വിഷയങ്ങളും ആദ്യ അലോട്ട്മെന്റുകളിൽ ബുദ്ധിമുട്ടാകും.
സാധാരണ നിലയിൽ ഗ്രാമീണ മേഖലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന പ്രവണതയാണുള്ളത്. മുൻ വർഷങ്ങളിൽ ജില്ലയിലെ പല സ്കൂളുകൾക്കും ആവശ്യാനുസരണം കുട്ടികളെ ലഭിച്ചിരുന്നില്ല.
District News
പത്തനംതിട്ട: ഉള്ളന്നൂർ ദേവിവിലാസം എൻഎസ്എസ് ഗവ. എൽപി സ്കൂളിന് സ്വന്തം കെട്ടിടം ഇക്കുറിയും ഇല്ല. 125 വർഷം പഴക്കുമുള്ള സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായതിനാൽ നവീകരണം ഫിറ്റ്നസ് ലഭിച്ചിട്ടില്ല. കെട്ടിടം നവീകരിച്ചു തുടങ്ങിയതോടെ സമീപമുള്ള എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവം നടത്തിയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് ഇക്കുറി അനുമതി ലഭിച്ചിരുന്നില്ല. ഒരു വർഷം മുൻപ് പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപികയും പിടിഎയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ അനുമതി നൽകിയില്ല.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് ആറു ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ എടുക്കാൻ ആളില്ലാതെ പദ്ധതി മുടങ്ങി. പുതിയ ഭരണസമിതി നിലവിൽ വന്നശേഷം വീണ്ടും ടെൻഡർ നൽകിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായി. ഏറെ വൈകി പണികൾ ആരംഭിച്ചെങ്കിലും മേൽക്കൂരയുടെ നിർമാണം പൂർത്തീകരിക്കാനായിട്ടില്ല.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ 55 കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം ക്ലാസിൽ ഇക്കുറി ഏഴ് കുട്ടികളാണ് പുതുതായി എത്തിയത്. കാലപ്പഴക്കം മൂലം ജീർണിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. ഇത് ഏതു നിമിഷവും നിലംപൊത്താം.
സ്കൂൾ കെട്ടിടം പൂർണമായി പുതുക്കി നിർമിക്കണമെന്നാവശ്യം സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഉടൻ പൂർത്തിയാക്കുമെന്നും ഭിത്തികൾ വിണ്ടു കീറിയിട്ടുണ്ടെങ്കിലും താങ്ങു ഭിത്തികൾ ഉള്ളതിനാൽ ബലക്ഷയം ഉണ്ടാകില്ലെന്നുമാണ് കുളനട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട്.
District News
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാപ്പിഴവ് സംബന്ധിച്ച ആക്ഷേപം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് ആരോഗ്യ വകുപ്പ്. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഡോ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വിഷയം അന്വേഷിക്കുക.
കുത്തിവയ്പിനിടെ സൂചി കുടുങ്ങി ഒരു വർഷക്കാലമായി ജീവിക്കേണ്ടി വന്ന കോഴഞ്ചേരി സ്വദേശി വത്സലയുടെ മകൻ ദീപു, അബിൻ വർക്കി കോടിയാട്ട്എംഎൽഎയോടൊപ്പം ആരോഗ്യ മന്ത്രി കെ.മുരളീധരനെ സന്ദർശിച്ചു പരാതി നൽകിയതിനു പിന്നാലെയാണ് അടിയന്തര ഇടപെടൽ ഉണ്ടായത്
District News
പത്തനംതിട്ട: കന്നുകാലികളെ ലഭിക്കാത്തതു കാരണം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കടകളുടെ പ്രവർത്തനം സ്തംഭിച്ചതായി മീറ്റ് ഇൻഡസ്ടീയസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി. ആലപ്പുഴ ജില്ലകളിൽ ആറ്, ഏഴ് തീയതികളിൽ ഇറച്ചിക്കടകൾ അടച്ചിടുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും അധികം ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. 15 ലക്ഷത്തിൽ പരം പേരുടെ സ്വയംതൊഴിൽ മേഖലയാണിത്. കേരളത്തിൽ ഇറച്ചി ആവശ്യത്തിനുള്ള കാലികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. വൈകാരിക വിഷയങ്ങൾ ഉയർത്തിയും മറ്റുംകാലികളെ വാഹനത്തിൽ കൊണ്ടുവരുമ്പോൾ അനധികൃതമായി ജപ്തി ചെയ്യപ്പെടുന്നുണ്ട്.
സമീപകാലത്ത് ആന്ധ്രാപ്രദേശിൽ ഇത് വളരെ കൂടുതലാണ്. പിന്നീട് വഴിനീളെയും ഗുണ്ടാപ്പിരിവും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഗോവധം നിരോധിച്ചിട്ടുള്ള പ്രദേശങ്ങളിലാകട്ടെ കന്നുകാലികളെ സംരക്ഷിക്കാൻ പോലും കഴിയുന്നില്ല. ഇറച്ചിക്കൊപ്പം പാലിനും ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതാണ് നിലവിലെ നിയമം. എന്നാൽ ആന്ധ്രയിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിനേ തുടർന്ന് അനധികൃത ജപ്തികൾ വർധിച്ചു. ഇത് കാലികളെ എത്തിക്കുന്നതിനുള്ള ഗതാഗത പ്രതിസന്ധിക്കു കാരണമായി. മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസമില്ലാതെ ഗതാഗതം സാധ്യമാകുന്നത്.
ആന്ധ്രപ്രദേശിൽ കാലി വ്യാപാരം നിലച്ച സ്ഥിതിയാണിപ്പോൾ. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വിലകുറഞ്ഞ സുനാമി ഇറച്ചി വ്യാപകമായി വിൽപന നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു . അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട പഞ്ചായത്തുകൾ അതിനു തയാറാകാതെ ഇറച്ചിക്ക് വില നിയന്ത്രിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം. എ. സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം. കെ. അനിൽ, അൻവർ മെഹബൂബ് , മുഹമ്മദ് നിഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
റാന്നി : കാടിന്റെ മക്കൾക്ക് വിദ്യാഭ്യാസ സഹായവുമായി ഇക്കൊല്ലാവും നല്ല സമര്യാക്കാരെത്തി. മൂഴിയാർ സർക്കാർ യുപി സ്കൂളിൽ പ്രവേശനോത്സവത്തോനുബന്ധിച്ചു ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി.
മൂഴിയാർ സായിപ്പൻകുഴി ഗിരിവർഗ കോളനി, ശബരിഗിരി പദ്ധതിയിലെ തൊഴിലാളികളുടെ മക്കൾ എന്നിവർ പഠിക്കുന്ന സ്കൂളാണിത്. സ്കൂൾ പിടിഎ പ്രസിഡന്റ് സതി അനീഷിന്റെ അധ്യക്ഷതയിൽ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എ.എ. മൃണാൾ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എൻജിനിയർ സുദീപ് കുമാർ, ബിനു കെ. സാം, പ്രധാനാധ്യാപകൻ എസ്. പ്രേം, സുനിൽ സണ്ണി, ബേബി ജോൺ മണിമലേത്ത്, ബിന്നി ജോൺ തലക്കോട്ട്, രാജേശ്വരി, അശ്വിൻ രാജു, പ്രവീൺ ജോസ് പ്രസംഗിച്ചു.
District News
റാന്നി: വനവാസികളായ കുട്ടികൾക്ക് വിദ്യയേകിയ ഗുരുക്കന്മാർക്ക് പ്രവേശനോത്സവദിനത്തിൽ സ്നേഹാദരം. ശബരിമല വനമേഖലയിൽ സമർപ്പിത സേവനം നടത്തി വിരമിച്ച അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂൾ പ്രധാനാധ്യാപകൻ ബിജു തോമസ് അമ്പൂരി, പറക്കോട് എൻഎസ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ ബിനു കെ. സാം എന്നിവരെയാണ് ആദരിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കിഴക്കൻ മേഖലയിൽ വിദ്യാഭ്യാസ സഹായഹസ്തവുമായി പിന്തുണച്ചു വരുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അട്ടത്തോട് ട്രൈബൽ സ്കൂളിലാണ് ആദരിക്കൽ നടന്നത്.
അഞ്ചുവർഷം അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പ്രധാനാധ്യാപകനാണ് ബിജു തോമസ്. സർവശിക്ഷ അഭിയാനു കീഴിൽ (എസ്എസ്എ) വനമേഖലയിൽ പ്രവർത്തിച്ച ഏഴ് ഏകാധ്യാപക വിദ്യാലയങ്ങളുടെ (എംജിഎൽസി) ചുമതല 2003 മുതൽ 2012 വരെ നിർവഹിച്ച ബിനുകെ.സാം 2017 വരെ ഈ മേഖലയിൽ തുടർസേവനവും നടത്തി.
ഏകാധ്യാപക വിദ്യാലയങ്ങളുടെ വളർച്ചയും ഏകോപനവുമാണ് അട്ടത്തോട് ട്രൈബൽ സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ ഇരുവർക്കും പുരസ്കാരം നൽകി പൊന്നാട അണിയിച്ചു.
ഗ്രാമപഞ്ചായത്തംഗം പി. എസ്. ഉത്തമൻ, എഎസ്ഐ ഷൈൻ പദ്മനാഭൻ, ഷിബു ശാമുവൽ, ടീച്ചർ ഇൻ ചാർജ് കെ. എം. സുബീഷ്, ബേബി ജോൺ മണിമലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ കേസില്‍ 18കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാരങ്ങാനം സ്വദേശി ഉണ്ണൂലിക്കല്‍ പാറയിടുക്കില്‍ എസ്. സജിത്ത് ആണ് പിടിയിലായത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ഉപയോഗിച്ച് ആറന്മുള നെല്ലിക്കാലയിലുള്ള ഒരു വീടിന്റെ ചിമ്മിനി മറച്ചിരുന്ന നെറ്റ് ഇളക്കി മാറ്റി ഒരു കയര്‍ കെട്ടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങി വീടിനുള്ളിലെ മേശയില്‍ നിന്നും 5500 രൂപ മോഷ്ടിച്ചതായാണ് കേസ്.
സ്ഥലത്തെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവര്‍ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ എത്തിയ പോലീസ് ആ രീതിയില്‍ നടത്തിയ അന്വേഷണമാണ് സജിത്തിലേക്ക് എത്തിയത്.
ആറന്മുള എസ് എച്ച്ഒ വി. സജു, എസ്ഐ ആഷില്‍ രവി, സിപിഒമാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സജിത്തിനെ റിമാന്‍ഡ് ചെയ്തു.
District News
അടൂർ: സ്കൂൾ ബസിലെ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് ആറു വര്‍ഷം കഠിന തടവും പിഴയും. ശൂരനാട് നോര്‍ത്ത് ആനയടി കോട്ടപ്പുറം മനു വിഹാറില്‍ മനു (32) വിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ആറുവര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയും വിധിച്ചത്.
2023 ജൂണിലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സ്കൂള്‍ ബസില്‍ യാത്ര ചെയ്യവേ അതിജീവിതയെ ശാരീരികമായി പീഡിപ്പിച്ചതിന് അടൂര്‍ എസ്ഐ ശ്യാമകുമാരി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ എൽ. ഷീനയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ ലെയ്സൺ ഓഫീസര്‍ ദീപാ കുമാരി ഏകോപിപ്പിച്ചു. പിഴ തുക അടയ്ക്കുന്നപക്ഷം അത് അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
District News
അടൂർ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ 932 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഏഴംകുളം അറുകാലിക്കല്‍ ശിവശൈലം വീട്ടില്‍ ഷണ്മുഖന് (44)നെയാണ് അറസ്റ്റ് ചെയ്തത്.
ഏഴംകുളം നാഷണല്‍ സ്കൂളിന് സമീപം ഇയാള്‍ നടത്തുന്ന കടയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗണേഷ്, ഹാന്‍സ്, കൂള്‍ തുടങ്ങി കുട്ടികള്‍ക്ക് ഉള്‍പ്പെടെ വില്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കൈമാറിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ എസ്എച്ച്ഒ അജയൻ, എസ്ഐമാരായ പ്രതീഷ്, ദീപു, സിപിഒമാരായ സൈഫുദ്ദീൻ, രാജഗോപാല്‍, നിതിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അറസ്റ്റിലായ ഷൺമുഖനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
District News
പത്തനംതിട്ട: മലയോര ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ അംഗസംഖ്യ ഇക്കുറിയും മെച്ചപ്പെടില്ല. ആറാം പ്രവൃത്തിദിന കണക്കെടുപ്പിനായി കാത്തിരിക്കുന്പോഴും ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക കണക്കുകളിൽ കുട്ടികളുടെ കുറവാണ് കാണുന്നത്. സംസ്ഥാനത്തു തന്നെ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും കുറവുള്ള ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ എറ്റവും കുറച്ച് കുട്ടികൾ പ്രവേശനം നേടിയതും പത്തനംതിട്ടയിലാണ്.
പ്രൈമറി വിദ്യാലയങ്ങളിൽ 60 ശതമാനവും മതിയായ കുട്ടികളില്ലാത്ത സ്കൂളുകളാണ്. 414 എൽപി സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 159 എണ്ണം സർക്കാർ സ്കൂളുകളും 206 എയ്ഡഡ് സ്കൂളുകളും 50 അൺഎയ്ഡഡ് സ്കൂളുകളുമാണ്. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളുമായി പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽ എല്ലാവർഷവും കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് ഘട്ടംഘട്ടമായി അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളെയും ബാധിക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി പതിനായിരത്തിൽ താഴെ കുട്ടികളാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. പത്താംക്ലാസ് കഴിഞ്ഞ് പുറത്തു പോകുന്ന കുട്ടികളുടെ പകുതി എണ്ണം പോലും ഏതാനും വർഷങ്ങളായി ഒന്നാം ക്ലാസിലേക്ക് വരുന്നില്ല. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്പോൾ തന്നെ ഒരു വിഭാഗം അൺഎയ്ഡഡ് സ്കൂളുകൾ പ്രതിസന്ധിയില്ലാതെ നീങ്ങുന്നുമുണ്ട്.
ഗ്രാമീണ മേഖലകളിലെ പ്രൈമറി സ്കൂളുകളിൽ പോലും കുട്ടികളുടെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. പത്തിൽ താഴെ കുട്ടികളുള്ള നിരവധി സ്കൂളുകൾ ജില്ലയിലുണ്ട്. ഒരു കുട്ടി പോലും അഡ്മിഷൻ എടുക്കാത്തതിനാൽ പൂട്ടിപ്പോയ വിദ്യാലയങ്ങളും പത്തനംതിട്ടയിലുണ്ട്.
സ്ഥിരാധ്യാപകർ പരിമിതം
കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവു കാരണം പൊതുവിദ്യാലയങ്ങളിൽ സ്ഥിരനിയമനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. പ്രഥമാധ്യാപകനെപ്പോലും സ്ഥിരപ്പെടുത്താനാകാത്ത എയ്ഡഡ് സ്കൂളുകൾ ജില്ലയിലുണ്ട്. രണ്ടു വർഷം മുന്‍പ് ഒരു പ്രഥമാധ്യാപകനു തന്നെ ഒന്നിലധികം സ്കൂളുകളുടെ ചുമതല നൽകേണ്ട സാഹചര്യവുമുണ്ടായി.
എയ്ഡഡ് വ്യക്തിഗത മാനേജ്മെന്റുകളിലെ സ്കൂളുകളിൽ വർഷങ്ങളായി സ്ഥിര നിയമനം നടക്കാത്തതിനാൽ പ്രമോഷനും ഇല്ല. ഇക്കാരണത്താൽ പ്രഥമാധ്യാപകർ സർവീസിൽ നിന്നു വിരമിക്കുന്പോൾ പകരം വയ്ക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. പ്രൈമറി വിദ്യാലയങ്ങളിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. കുട്ടികൾ കുറവായ സ്കൂളുകളിൽ പുതിയ സ്തികകൾ സർക്കാർ നൽകില്ല.
എന്നാൽ താത്കാലിക നിയമനം അനുവദിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകൻ മാത്രമേ സ്ഥിര നിയമനത്തിലുണ്ടാകാറുള്ളൂ. മറ്റുള്ളവരെ യോഗ്യത അടിസ്ഥാനപ്പെടുത്തി ദിവസ വേതനത്തിൽ നിയമിക്കുകയാണ് പതിവ്.
ബസ് എത്തിയത് ആശ്വാസം
ഗവിയിലൂടെ പത്തനംതിട്ട - കുമളി റൂട്ടിൽ കെഎസ്ആർടിസി സ്ഥിരമായി രണ്ട് ബസ് സർവീസുകൾ തുടങ്ങിയത് ആശ്വാസമായി. കാടിനുള്ളിലൂടെ യാത്ര ചെയ്തുവേണം ജില്ലാ ആസ്ഥാനത്തെത്താൻ. നാലാം ക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് തുടർ പഠനത്തിനു വണ്ടിപ്പെരിയാർ വരെ പോകണമെന്നതാണ് ഗവിയിലുള്ളവരുടെ പ്രധാന പ്രശ്നം.
ഇക്കാരണം കൊണ്ടുതന്നെ പലരും കുട്ടികളുമായി താമസം മാറുകയോ കുട്ടികളെ ബന്ധുവീടുകളിലാക്കുകയോ ചെയ്തിരിക്കുകയാണ്. തുടർ വിദ്യാഭ്യാസ സൗകര്യമില്ലാത്തതാണ് കുട്ടികളുടെ എണ്ണം കുറയാൻ കാരണമായത്. വണ്ടിപ്പെരിയാറിലേക്ക് കുട്ടികൾക്ക് യാത്രാ സൗകര്യം നൽകുന്നുണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വനത്തിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്.
ഗവിയിലെ ജനസംഖ്യയിലും കാര്യമായ കുറവുണ്ടായി. ഏലം കൃഷി കെഎഫ്ഡിസി നിർത്തിയതോടെ തൊഴിൽ അവസരങ്ങൾ കുറഞ്ഞു. ഇതോടെ ആളുകൾ മറ്റിടങ്ങളിലേക്ക് പോയി. ഏറെപ്പേരും തമിഴ്നാട്ടിലേക്കു തന്നെ മടങ്ങി.
വനവാസികളെ തേടി മൂഴിയാർ സ്കൂൾ
ആങ്ങമൂഴി - ഗവി പാതയിലെ മറ്റൊരു വിദ്യാലയമായ മൂഴിയാർ ഗവ.സ്കൂളിലും കുട്ടികളുടെ കുറവുണ്ട്. ആദിവാസി കുട്ടികളാണ് മൂഴിയാറിലെ വിദ്യാർഥികൾ. എന്നാൽ ഇവരെ ഹോസ്റ്റലുകളിലേക്ക് എസ്ടി പ്രമോട്ടർമാർ മാറ്റിയതോടെയാണ് മൂഴിയാറിലേക്ക് കുട്ടികൾ എത്താതായത്. എന്നാൽ ഹോസ്റ്റലിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത കുട്ടികൾ വീണ്ടും കാടുകയറിയിട്ടുണ്ട്. ഇവരെ സ്കൂളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് പ്രഥമാധ്യാപകൻ എസ്. പ്രേം പറഞ്ഞു.
പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലാണ് മൂഴിയാർ സ്കൂളും പ്രവർത്തിക്കുന്നത്. ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറിയും പാചകവാതകവുമൊക്കെ സീതത്തോട്ടിൽ നിന്നാണ് എത്തിക്കേണ്ടത്.
ഗവിയിലും കുട്ടികൾ കുറഞ്ഞു
പത്തനംതിട്ട: ഗവിയിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഈ അധ്യായന വര്‍ഷവും 14 പേര് പഠിതാക്കളായെത്തും. നാലാം ക്ലാസില്‍ നിന്നും നാലു പേര് തുടർപഠനത്തിനായി വണ്ടിപ്പെരിയാറിലേക്ക് വണ്ടി കയറുമ്പോള്‍ മൂന്നു പേര് ഇക്കുറി ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. നിലവില്‍ രണ്ടാം ക്ലാസില്‍ നാലു പേരും മൂന്നാം ക്ലാസില്‍ നാലു പേരും നാലാം ക്ലാസില്‍ മൂന്നു പേരും പഠിതാക്കളായുണ്ട്.
പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലെ ഗവിയിലെ സര്‍ക്കാര്‍ സ്കൂളിന്റെ സ്ഥിതിയാണിത്. ഇന്ത്യാ-ശ്രീലങ്കന്‍ കരാറിന്റെ ഭാഗമായി 1977ൽ ഗവിയിലെ ഏലത്തോട്ടത്തില്‍ പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജരുടെ മൂന്നാം തലമുറയാണ് പഠിതാക്കള്‍. ഒന്നാം ക്ലാസിലേക്ക് മലമ്പണ്ടാര വിഭാഗത്തില്‍ ആനത്തോട്ടില്‍ കഴിയുന്ന രണ്ട് കുട്ടികളെ കൂടി സ്കൂളിലെത്തിക്കുന്നതിനുള്ള പരി്രമത്തിലാണ് താനും സഹപ്രവര്‍ത്തകരുമെന്ന് ഹെഡ്മാസ്റ്റര് കാഞ്ഞിരപ്പള്ളി സ്വദേശി സി. എം. ഏലിയാസ് പറഞ്ഞു.
1991ല്‍ പച്ചക്കാനത്ത് യുപി സ്കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഏലിയാസ് പ്രധാന അധ്യാപകനായതിനേ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ഗവിയിലെത്തിയത്. പച്ചക്കാനത്തെ സ്കൂള്‍ ഇതിനോടകം അടച്ചു പൂട്ടി. പ്രധാന അധ്യാപകനെ കൂടാതെ പാലക്കാട് ചിറ്റൂര്‍ സ്വദേശിനി എസ്. ജ്യോതി, തിരുവനന്തപുരം സ്വദേശിനി ഇ. രേഖ, ഇടുക്കി സൂര്യനെല്ലി സ്വദേശി ആര്. രാജന് എന്നിവരാണ് അധ്യപകര്‍. ഇവരെ കൂടാതെ പാചക തൊഴിലാളിയായി ഇരുളായ് പാട്ടിയും സ്കൂളില്‍ സേവനം ചെയ്യുന്നു.
തമിഴ് മീഡിയം സ്കൂളുകളായതിനാല്‍ ജ്യോതി ടീച്ചര്‍ ഏഴു വര്‍ഷമായി ഗവിയിലെ സ്കൂളില്‍ തന്നെയാണ്. നാലു പേരും സ്ഥിരം അധ്യാപകരാണ്. പ്രധാന അധ്യാപകനും സഹപ്രവര്‍ത്തകനും സ്കൂളില്‍ താമസിച്ചാണ് പഠിപ്പിക്കുന്നത്. ജ്യോതി ടീച്ചറും രേഖ ടീച്ചറും സ്കൂളിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സിലുമാണ് താമസം. പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട സ്കൂളാണിത്. ഓഫീസ് ആവശ്യങ്ങൾക്കും മറ്റുമായി പത്തനംതിട്ട വരെ പോകണം. ഉച്ചഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനും വണ്ടിപപെരിയാറിലെത്തണം.
കാട്ടാനയുടെ ശല്യം സ്കൂൾ പരിസരത്തുണ്ടാകാറുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ച് കുട്ടികളെ അവിടേക്ക് മാറ്റാനായത് ആശ്വാസമായി. ഏറെക്കാലം ഗവിയിലെ കമ്യൂണിറ്റിഹാളിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പാഠ്യ പുസ്തകങ്ങളും ബുക്ക് ബാഗും നല്കി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
District News
കോന്നി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മല്ലശേരി പൂങ്കാവ് ശാഖയിൽ തീപിടിത്തം. ഇന്നലെ രാവിലെയാണ് സംഭവം. നിരവധി ഫയലുകൾ ഭാഗികമായി കത്തി നശിച്ചു. ഇടപാടുകാർ എത്തുന്നതിന് മുമ്പ് ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ജീവനക്കാർ എത്തി ബാങ്ക് തുറന്നപ്പോൾ ഉള്ളിൽ മുഴുവൻ പുകയായിരുന്നു. ഉടൻ തന്നെ ഇവർ പുറത്തേക്ക് ഇറങ്ങിയോടി സമീപത്തുണ്ടായിരുന്ന വ്യാപാരികളെ വിവരം അറിയിച്ചു. ജീവനക്കാരും വ്യാപാരികളും നാട്ടുകാരും ചേർന്ന് ഉള്ളിൽ കടക്കാൻ ശ്രമിച്ചപ്പോഴേക്കും തീ പടർന്നു. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി 11 ഒടെയാണ് തീ അണച്ചത്.
പണവും സ്വർണവും സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളിലേക്ക് തീ പടരുന്നത് സമയോചിതമായി നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഇടപാടുകൾ സംബന്ധിച്ച രേഖകളും ബാങ്കുമായി ബന്ധപ്പെട്ട രേഖകളുമാണ് കത്തി നശിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ചെറിയ രീതിയിൽ പൊള്ളൽ ഏറ്റിട്ടുണ്ട്. എസ്ബിഐ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്വകാര്യ സർണപ്പണയം, പണം ഇടപാട് സ്ഥാപനം ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്നലെ പൂങ്കാവിലെ ചന്ത ദിവസം ആയതിനാൽ നിരവധി ഇടപാടുകാർ എത്തേണ്ടിയിരുന്ന ദിവസമായിരുന്നു. തീ പിടിത്തത്തേ തുടർന്ന് ബാങ്ക് പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലെ മിനി ട്രാൻസ്ഫോർമറിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് നിരവധി ആളുകൾ എത്തിയിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ അഗ്നശ്മന സുരക്ഷ സംവിധാനങ്ങൾ നിലവിൽ ഇല്ലായിരുന്നുവെന്ന് പറയുന്നു.
District News
അടൂർ: പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ പാർവതി മജുംദാർ പശ്ചിമ ബംഗാളിലെ ഡാർജലിംഗ് ജില്ലയിൽ നിന്നുള്ള വിദ്യാർഥിനിയാണ്. നാലാം ക്ലാസ്സ് വരെ ഡാർജലിംഗിൽ പഠിച്ച പാർവതിക്ക് മലയാളം ഒട്ടും വശമില്ല. പാർവതിയുടെ മാതാപിതാക്കളായ കജോൾ മജുംദാറും മീന മജുംദാറും തൊഴിൽ സംബന്ധമായാണ് കേരളത്തിലേക്ക് എത്തിയത്.
കജോൾ കെട്ടിട നിർമാണ തൊഴിലാളിയാണ്. മലയാളം വശമില്ലാത്ത മകളുടെ തുടർപഠനം മാതാപിതാക്കൾക്ക് വെല്ലുവിളിയായിരുന്നു. പറക്കോട് വീട് വാടകയ്ക്കെടുത്ത് താമസമായ ശേഷമാണ് അടുത്ത് തന്നെ മകളുടെ വിദ്യാഭ്യാസത്തിന് പറ്റിയ സ്കൂൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. ഭാഷ അറിയാത്തതിന്റെ ആശങ്ക ഇവർ അമൃത ഗേൾസ് സ്കൂളിലെ അധ്യാപകരുമായും പങ്കുവച്ചു.
പാർവതിയെ മലയാളം പഠിപ്പിക്കാമെന്ന വെല്ലുവിളി അങ്ങനെയാണ് സ്കൂളിലെ അധ്യാപകർ ഏറ്റെടുത്തത്. പ്രഥമാധ്യാപിക പി.ടി. ശ്രീകല പൂച്ചെണ്ടു നൽകി പാർവതിയെ സ്കൂളിലേക്ക് സ്വീകരിച്ചു. അമൃത ഗേൾസ് എച്ച്എസിലെ പ്രവേശനോത്സവം നഗരസഭാ കൗൺസിലർ ജോസ് കളീക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
District News
പത്തനംതിട്ട: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ അംഗങ്ങളായ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
യൂണിയൻ പ്രസിഡന്റ് ആർ. ഹരിദാസ് ഇടത്തിട്ട സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി വി. ഷാബു, ഇൻസ്പെക്ടർ ആർ. രാജേഷ്കുമാർ, യൂണിയൻ ഭാരവാഹികളായ ഗീതാ സുരേഷ്, അഖിലേഷ് എസ് കാര്യാട്ട്, രാജേന്ദ്രനാഥ് കമലകം, സത്യൻ നായർ, എം. അജിത്, എ. ആർ. രാജേഷ്, ശ്രീജിത്ത് പ്രഭാകർ, എൻ.ആർ. വിജയക്കുറുപ്പ്, എം.ആർ. ശശിധരൻനായർ, ശശികുമാരൻ നായർ,
പി. എൻ. രഘൂത്തമൻനായർ, രാജീവ് കുമാർ, ഹരിശ്ചന്ദ്രൻനായർ, പ്രതിനിധി സഭാംഗങ്ങളായ ജി. കൃഷ്ണകുമാർ, രഘുനാഥൻനായർ, വി.കെ.ബാലചന്ദ്രൻ കുമാർ, കമലാസനൻ കാര്യാട്ട്, സി. കൃഷ്ണകുമാർ, ശിവകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി ശ്രീദേവി എന്നിവർ പ്രസംഗിച്ചു. കരയോഗ- വനിതാ സമാജ ഭാരവാഹികളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
District News
പത്തനംതിട്ട: ശബരിമല പാതയോരത്ത് ളാഹയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ ഗേറ്റ് തകർത്തു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ളാഹ സ്വദേശി സാബുഖാന്റെ വീടിനു നേരേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാത്രിയിൽ ത്വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ സാബുഖാൻ കണ്ടത് വീണുകിടക്കുന്ന ഗേറ്റും തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചു നിൽക്കുന്ന കാട്ടാനയെയുമാണ്.
ശബ്ദം കേട്ട് പരിസര വാസികൾ പുറത്തിറങ്ങി ബഹളം വച്ചതോടെ വീടിന്റെ മുറ്റത്തേക്ക് കയറാതെ കാട്ടാന പിന്തിരിയുകയായിരുന്നു. എന്നാൽ റോഡിലൂടെ നടന്നു നീങ്ങിയ ആന അടുത്തുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങി. തെങ്ങും വാഴയും അടക്കം കൃഷികൾ പൂർണമായി നശിപ്പിച്ചു. പുലർച്ചെയോടെയാണ് ആന കാടു കയറിയത്.
ളാഹയ്ക്ക് സമീപമുള്ള രാജാംപാറ വനം വർഷങ്ങളായി കാട്ടാനകളുടെ താവളമാണ്.
ആന സ്ഥിരമായി ഇറങ്ങാറുണ്ടെങ്കിലും സമീപകാലത്തായി ജനവാസ മേഖലയിൽ നാശനഷ്ടം വരുത്തുക പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാടിറങ്ങുന്ന കാട്ടാനക്കൂട്ടം ദിവസങ്ങളോളം ജനവാസ മേഖലകളോടു ചേർന്നു തന്പടിക്കുന്നതും സമീപകാലത്താണ്. ഇത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കാടു കയറാൻ മടിച്ചു ജനവാസ മേഖലകളിൽ തങ്ങുന്ന കാട്ടാനകൾ പകലും ആളുകൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇവയെ ഭയന്നാണ് ആളുകൾ റോഡുകളിലൂടെ സഞ്ചരിക്കുന്നത്.
കുട്ടികളുടെ സ്കൂൾ യാത്രയും തടസപ്പെടുന്നു
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന മേഖലകളിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. പകലും കാടുകയറാതെ നിൽക്കുന്ന കാട്ടാനകൾ പലയിടങ്ങളിലും ഭീഷണിയാണ്. വടശേരിക്കരയിൽ കുന്പളത്താമൺ, തലച്ചിറ, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂൾ വാഹനങ്ങളുടെ യാത്ര തന്നെ ഭീഷണിയിലാണ്.
സീതത്തോട് സായിപ്പംകുഴി വനമേഖലയിൽ കാട്ടാന പ്രസവിച്ചു കിടക്കുന്നതായാണ് വിവരം. ഇതോടെ ഈ പ്രദേശത്തു കാട്ടാനക്കൂട്ടം സ്ഥിരമായി തന്പടിച്ചിരിക്കുകയാണ്. വനമേഖലയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും ഇതോടെ ഭീഷണിയിലായി.
വടശേരിക്കര ടൗണിനു സമീപം വരെ സ്ഥിരമായി കാട്ടാന ശല്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ തലച്ചിറ, ഒളികല്ല് മേഖലകളിൽ ആളുകൾ ഏറെ ഭീതിയിലാണ്. സ്കൂൾ വാഹനങ്ങൾ ഓട്ടം തുടങ്ങിയെങ്കിലും കുട്ടികളെ വാഹനത്തിൽ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്.
District News
പത്തനംതിട്ട: എബോള വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ജില്ലയിൽ വിദേശത്തു നിന്ന് വരുന്നവർക്ക് സന്പർക്ക വിലക്ക്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവരെയാണ് ഇതിന്റെ ഭാഗമായ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. 21 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇക്കാലയളവിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.
ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരെയും ഇവരോടൊപ്പം വിമാനയാത്ര ചെയ്തവരെയുമാണ് നിലവിൽ ക്വാറന്റൈനിലാക്കിയിരിക്കുന്നത്.
വീടുകളിൽ തന്നെയാണ് 21 ദിവസം ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഒരുമാസം അവധിക്ക് നാട്ടിലെത്തുന്നവരുടെ 21 ദിവസം ക്വാറന്റൈനിൽ നഷ്ടപ്പെടുന്നെന്ന പരാതിയുമുണ്ട്. ഹൈ റിസ്ക് മേഖലയിൽ നിന്നുള്ളവരാരെയും ഇക്കൂട്ടത്തിൽ കണ്ടെത്തിയിട്ടുമില്ല. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമായി ജില്ലയിലെ നിരവധിയാളുകൾ ജോലിക്കായി ആഫ്രിക്കൻ രാജ്യങ്ങളിലുണ്ട്.
പനി, ക്ഷീണം, പേശീവേദന, തലവേദന, തൊണ്ട വേദന, ഛർദ്ദി, വയറിളക്കം, രക്തസ്രാവം എന്നിവയാണ് എബോള രോഗ ലക്ഷണങ്ങൾ.
District News
പത്തനംതിട്ട: കെഎസ്ആർടിസി 35,146 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. തിരുവല്ല എസ് സിഎസ് ജംഗ്ഷനിൽ ചാലക്കുഴി മാളിയേക്കൽ ശ്രുതി സൂസൻ ഫിലിപ്പ് കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും ചേർന്ന് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്.
കാട്ടാക്കടയിൽ നിന്ന് എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് 2024 ഓഗസ്റ്റ് 24നു ടിക്കറ്റ് ബുക്ക് ചെയ്തയാൾക്ക് സേവനം നിഷേധിച്ചതിനെതിരേയാണ് വിധി. ആശുപത്രിയിൽ നിശ്ചിത സമയത്ത് എത്താൻ കഴിയാതെ വന്നതും മാനസിക, സാന്പത്തിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ വിധി. പരാതി ഫയലിൽ സ്വീകരിച്ച് കമ്മീഷനിൽ ഹാജരായ ഇരുകക്ഷികളെയും വിസ്തരിക്കുകയും അവർ ഹാജരാക്കിയ രേഖകൾ പരിശോധിക്കുകയും ചെയ്തു. ഹർജിക്കാരിയുടെ വാദം ശരിയാണെന്ന് കമ്മീഷൻ കണ്ടെത്തി.
അതിന്റെ അടിസ്ഥാനത്തിൽ സീറ്റ് ബുക്ക് ചെയ്തതിന് 146 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 35,146 രൂപ ശ്രുതിക്ക് കെസ്ആർടിസി അധികൃതർ നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചു.
District News
പന്തളം: കെഎസ്ആർടിസി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. പന്തളം കുളനട പാണിൽ വലിയതറ കിഴക്കേതിൽ ആദർശ് വി. ശിവൻ (30), സഹോദരൻ അഭിജിത് വി. ശിവൻ (27) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ പന്തളത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ എംസി റോഡിൽ ഇവർ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഒരു സ്കൂട്ടറും ആംബുലൻസും റോഡിൽ കുറുകെ ഇട്ട് ഏറെനേരം ഗതാഗത തടസംഉണ്ടാക്കുകയും ചെയ്തു. ഗതാഗതക്കുരുത്തിൽ ആറന്മുള എംഎൽഎയും പെട്ടു. പോലീസിന്റെ 112 എന്ന എമർജൻസി നമ്പറിൽ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള അടിയന്തര സന്ദേശം വന്നതനുസരിച്ച് പന്തളം സ്റ്റേഷനിലെ എഎസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസിന്റെ നിർദേശം അനുസരിക്കാതെ വന്ന സഹോദരങ്ങളഅ് എഎസ്ഐ രാജേഷിനെ ആക്രമിച്ച് പരിക്കേൽപിച്ചു. കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ ഒരാളായ ആദർശ് ഓടിച്ച ബൈക്കിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു ഇവർ ബസ് റോഡിൽ തടഞ്ഞതും ഡ്രൈവറെ ഭീഷണിപ്പെടുത്തിയതും. സ്റ്റേഷനിൽ എത്തിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
District News
കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വന്യമൃഗശല്യം അതീവ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യം. അതുന്പുംകുളം, പെരിഞ്ഞൊട്ടയ്ക്കൽ വാർഡുകളിലാണ് കാട്ടാന, പുലി തുടങ്ങിയവയുടെ ശല്യം കാരണം ജനജീവിതം ദുഃസഹമായിരിക്കുന്നത്.
അതുമ്പുംകുളം പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. രാപകൽ ഭേദമില്ലാതെ കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിക്കുന്നത് പ്രദേശവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ, കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ ഭയപ്പെടുകയാണ്.
പെരിഞ്ഞൊട്ടയ്ക്കലിൽ പുലിപ്പേടി
കോന്നി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പെരിഞ്ഞൊട്ടയ്ക്കൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഭീതിജനകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയക്കുകയാണ്.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അടിയന്തരമായി തൂക്കുവേലികൾ സ്ഥാപിക്കുക. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ 24 മണിക്കൂറും കാവലും പരിശോധനയും ഉറപ്പാക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശവും മറ്റ് നഷ്ടങ്ങളും സംഭവിച്ച കർഷകർക്ക് അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കുക,
വന്യമൃഗങ്ങളെ ജനവാസ മേഖലകളിൽ നിന്ന് തുരത്തുന്നതിനും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രദേശവാസികൾ രംഗത്തുണ്ട്.
District News
തിരുവല്ല: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്ടീസ് വിഭാഗവും ഐക്യുഎസിയും തിരുവല്ല എക്സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പുകയില വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ റാലി, ഫ്ലാഷ് മോബ്, ബോധവത്കരണ ക്ലാസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ബി.എ. ബിജു അധ്യക്ഷത വഹിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ.അനു പ്രസാദ്, എസ്.ആർ. റഫീഖ്, വിമുക്തി കോർഡിനേറ്റർ രമാദേവി, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. മാലിനി എന്നിവർ പ്രസംഗിച്ചു.
District News
തിരുവല്ല: കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിലെ പ്രളയ സാധ്യത പ്രദേശങ്ങള്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു. പെരിങ്ങര വില്ലേജിൽ മണിമലയാറിന്റെയും നിരണം വില്ലേജിലെ പമ്പയാറിന്റെയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, നിരണം വെസ്റ്റ് എംഡി എല്‍പിഎസ്, കടപ്ര സെന്റ് മേരീസ് യുപിഎസ് തുടങ്ങിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലെ പ്രളയ സാധ്യത, സുരക്ഷാക്രമീകരണങ്ങൾ, മുന്‍ വര്‍ഷങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ വിലയിരുത്തി.
വില്ലേജ് ഓഫീസര്‍മാരായ പി. ശിവകുമാര്‍ (പെരിങ്ങര), എസ്. ശ്രീകല (നിരണം) തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
District News
പത്തനംതിട്ട: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, പത്തനംതിട്ട യൂണിറ്റും പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാൽനിറവ് 2026 പരിപാടി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ. വി.കെ.പി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. സന്തോഷ്, കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബർട്ട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ലോക ക്ഷീരദിനത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ മികച്ച സേവനം കാഴ്ചവച്ച വെറ്ററിനറി ഡോക്ടർമാരെയും അവരുടെ നിർദേശങ്ങൾ പിന്തുടർന്ന് മാതൃകാപരമായി ക്ഷീരകൃഷി നടത്തുന്ന കർഷകരെയും ചടങ്ങിൽ ആദരിച്ചു. ഐവിഎ കേരള ഭാരവാഹികളായ ഡോ.എം.കെ. പ്രദീപ്കുമാർ, ഡോ. അമ്പിളി തങ്കപ്പൻ, വനിതാ ഡോ. പി. പ്രിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല , കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ജിജി പി. ഏബ്രഹാം, എഴുമറ്റൂർ ഗ്രാമപഞ്ചായത്തംഗം ജയൻ പുളിക്കൽ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന എസ്. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ജി. അംബികാദേവി സ്വാഗതവും ഡോ. സാജിദ് നൗഷാദ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന വെറ്ററിനറി ഡോക്ടർ – ക്ഷീരകർഷക സംവാദത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചിട്ടുള്ള കർഷകരും വിദഗ്ധരും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. കർഷകശ്രീ അവാർഡ് ജേതാവ് മോനു വർഗീസ് മാമ്മനും ക്ഷീരപ്രതിഭ അവാർഡ് ജേതാവ് പി.ഐ. തങ്കച്ചനു സംവാദത്തിൽ പങ്കെടുത്ത് ക്ഷീരകൃഷിയുടെ അനുഭവങ്ങൾ പങ്കുവച്ചു.പരിപാടിയോടനുബന്ധിച്ച് പാൽ ഉത്പന്നങ്ങൾ, ക്ഷീര കർഷകർക്കായുള്ള കാലിത്തീറ്റ, മരുന്നുകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.
District News
പത്തനംതിട്ട: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ പങ്കെടുത്ത ആദ്യ ജില്ലാ വികസന സമിതിയോഗം ചേർന്നു. ജില്ലയിലെ എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പഴകുളം മധു, വര്‍ഗീസ് മാമ്മന്‍, സി.വി. ശാന്തകുമാര്‍, അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവരെ ആദരിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. ജില്ലാ കളക്ടർ എ. നിസാമുദീൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരിൽ നാലു പേരും പുതുമുഖങ്ങളായതിനാൽ തങ്ങളുടെ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതിയും നടപടിക്രമങ്ങളും ഉദ്യോഗസ്ഥരോട് ആരായുകയായിരുന്നു ആദ്യ യോഗത്തിൽ ചെയ്തത്. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടുത്ത യോഗത്തിൽ നടപടിക്രമങ്ങൾ അറിയിക്കുകയും വേണമെന്ന നിർദേശമുണ്ടായി.
കോന്നി മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കൂടല്‍ മത്സ്യമാര്‍ക്കറ്റ് ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. പാടം നഗര്‍ നിര്‍മാണപ്രവൃത്തി അവസാനഘട്ടത്തിലാണ്.
വന്യജീവി ആക്രമണം കുറയ്ക്കുന്നതിന് വേലി, ട്രഞ്ച് നിര്‍മാണം കാര്യക്ഷമമാക്കണമെന്ന് പഴകുളം മധു എംഎല്‍എ അഭിപ്രായപ്പെട്ടു. റാന്നി ഇട്ടിയപ്പാറ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. റാന്നിയിലെ പുതിയ പാലം ജനങ്ങളുടെ ആവശ്യമാണെന്നും നിര്‍മാണ ഉദ്ഘാടനമല്ല പദ്ധതി പൂര്‍ത്തീകരണമാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിര്‍മാണപ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍ദേശിച്ചു.തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിട നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോടുകളിലെ ചെളിയും പോളയും അടിയന്തരമായി നീക്കം ചെയ്യണം.
ഏനാത്ത് മുതല്‍ പന്തളം വരെയുള്ള എംസി റോഡില്‍ അപകടം ഒഴിവാക്കുന്നതിന് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സി.വി. ശാന്തകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. സ്കൂള്‍ പരിസരത്തുള്ള കടകളില്‍ ലഹരിസാധനങ്ങളുടെ പരിശോധന ശക്തമാക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ലാ സ്റ്റേഡിയം, കോഴഞ്ചേരി പാലം, അബാന്‍ മേല്‍പ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം അതത് സ്ഥലങ്ങളില്‍ ചേരുമെന്ന് അബിന്‍ വക്കി കോടിയാട്ട് എംഎല്‍എ അറിയിച്ചു. ജനറൽ ആശുപത്രി വികസന സമിതിയിൽ കെട്ടിടനിർമാണം സംബന്ധിച്ച് വിശദീകരണമുണ്ടായി. പദ്ധതികളുടെ തൽസ്ഥിതി പരിശോധിച്ച് പൂർത്തീകരണത്തിനാവശ്യമായ നടപടികളാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് എംഎൽഎ ജില്ലാതല ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ സമയബന്ധിതമായി നിരാക്ഷേപ പത്രം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭിപ്രായപ്പെട്ടു. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ആവശ്യമാണന്ന് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു.
മഴക്കാല ശുചീകരണം, ജില്ലയിലെ വിവിധ കെട്ടിടങ്ങള്‍, പാലം, റോഡ് നിര്‍മാണം, എംഎൽഎമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 2027 സെന്‍സസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഡിഎം എ. വിജയന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നായി കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായതും പത്തനംതിട്ട സൈബർ സെല്ലിലും പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയതുമായ 102 മൊബൈൽ ഫോണുകൾ കണ്ടെത്തി.
പത്തനംതിട്ട സൈബർ പോലീസിലെ പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കണ്ടെത്തിയ ഫോണുകൾ അവ കൈവശംവച്ചിരുന്നവരുടെ കൈയിൽനിന്നു തിരികെ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തിക്കുകയും ചെയ്തു.
ഇതിൽ 5000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വില വരുന്ന ഫോണുകൾ ഉണ്ട്. ഇതിൽ 45 ഫോണുകൾ ഇന്നലെ ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽവച്ച് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉടമകൾക്ക് തിരികെ നൽകി.
സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ നിതിൻ , എഎസ്ഐ അനൂപ് മുരളി, സിപിഒമാരായ അഖിൽ ചന്ദ്രൻ ആകാശ് എന്നിവരും പോലീസ് സ്റ്റേഷനുകളിലെ സിഐഐആർ ടീമും ഉള്‍പ്പെട്ട സംഘമാണ് നഷ്ടപ്പെട്ട ഫോണുകൾ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും തിരികെ കണ്ടെത്തി നല്‍കിയത്. ഫോണുകൾ നഷ്ടപ്പെട്ട് ജില്ലയിൽ പരാതി നൽകിയവരിൽ വിദ്യാർഥികളും സാധാരണക്കാരും ആയിരുന്നു കൂടുതൽ.
District News
തിരുവല്ല: പെരിങ്ങര തോടിന്റെ കരയിലുള്ള പെരുമ്പ്രാല്‍ ചെറുമുട്ടാടത്ത് റോഡ് അപകടാവസ്ഥയില്‍. റോഡിന്റെ ഒരുഭാഗം വിണ്ടുകീറി ഏതു നിമിഷവും തോട്ടില്‍ പതിക്കാമെന്ന സ്ഥിതിയിലെത്തി. പ്രദേശത്തെ ഏക പാതയിലാണ് ഈ ദുരവസ്ഥ. മഴകാലമായതോടെ ജല നിരപ്പ് ഉയരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഃസഹമാകും. സ്കൂൾ തുറക്കുന്നതോടെ സ്ത്രീകളുടെയും കുട്ടികളുടെയും യാത്രയ്ക്കു ഭീഷണി യായിരിക്കുകയാണ്.
സംരക്ഷണ ഭിത്തിയില്ലാത്ത മേഖലയിലാണ് വിള്ളല്‍. ഏകദേശം മുന്നൂറിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശത്തെ പ്രധാന റോഡാണിത്. തോടിന്റെ അടിത്തട്ടില്‍ ചേറ് കിടക്കുന്നതിനാല്‍ റോഡിന് അപകടസാധ്യതയും ഏറെയാണ്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച് നാലരകിലോമീറ്റര്‍ പടിഞ്ഞാറ് കണ്ണാട്ട് കുഴിവരെ നീണ്ടുകിടക്കുന്ന റോഡിന്റെ പ്രധാന ഭാഗമാണിത്.
പെരുമ്പ്രാല്‍ പാലത്തിന് സമീപവും ചെറുമുട്ടാടത്ത് പാലത്തിന് സമീപവും ഉള്ള കല്‍ക്കെട്ട് ഒഴിച്ചാല്‍ ഏറിയ ഭാഗവും വലിയ അപകടാവസ്ഥയിലാണ്. കാര്‍, ഓട്ടോറിക്ഷ, അടക്കമുള്ള ചെറിയ വാഹനങ്ങള്‍ പ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്. കാലവര്‍ഷമാകുന്നതോടെ അപകട സാധ്യത കൂടുലാകും.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, അംഗം രാജേഷ് ചാത്തങ്കേരി, പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ശശി, അംഗം അരുണ്‍ എം. കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
District News
നിരണം: പൈപ്പ് പൊട്ടി വെളളവും ചെളിയും നിറഞ്ഞതു മൂലം വീട്ടിലേക്കു കയറാൻ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് ഒരു കുടുംബം. കടപ്ര പുത്തൻവീട്ടിൽ പടി നിരണം എസ്ബിഐ റോഡിൽ പൊയ്യാലി മാലിയിൽ വി.പി. ഏബ്രഹാമിനും കുടുംബത്തിനുമാണ് ജല അഥോറിറ്റിയുടെ അനാസ്ഥ മൂലം ദുരിതം പേറി ജീവിക്കേണ്ടിവരുന്നത്.
കഴിഞ്ഞ നാലു വർഷമായി ഈ റോഡിൽ വെള്ളംകെട്ടിക്കിടക്കുന്നതു കാരണം ദുരിതത്തിൽനിന്ന് ഇവർക്ക് മോചനമില്ല. പ്രധാന റോഡിൽനിന്ന് വിട്ടിലേക്ക് ഇവർക്ക് കയറിയിറങ്ങണമെങ്കിൽ ചെളിവെള്ളത്തിലൂടെ വേണം യാത്ര ചെയ്യാൻ.
വിട്ടീലേക്ക് വാഹനത്തിൽ പോലും ഇവർക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ഈ വീട്ടുകാർ കയറിയിറങ്ങാത്ത ഓഫീസുകളും പരാതി നൽകാത്ത ഉദ്യോഗസ്ഥരുമില്ല. ആരുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ല.
ത്രിതല പഞ്ചായത്ത് മെംബർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്കും ജലസേചന വകുപ്പ് മന്ത്രിക്കും ഉടൻ പരാതി നൽകുമെന്ന് നിരണം പഞ്ചായത്ത് ഏഴാം വാർഡ് മെംബർ ബിന്ദു ജെ. വൈക്കത്തുശേരി പറഞ്ഞു.
District News
റബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കണം
പത്തനംതിട്ട: ജനങ്ങളിൽ വലിയ പ്രതീക്ഷ ഉണർത്തിക്കൊണ്ട് അധികാരമേറ്റ പുതിയ സർക്കാരിന്റെ എല്ലാ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കും മലങ്കര കത്തോലിക്കാ പത്തനംതിട്ട ഭദ്രാസനത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഭദ്രാസനാധിപൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളിലും വർധിച്ചുവരുന്ന വന്യജീവി ശല്യത്തിലും യോഗം അതിയായ ആശങ്ക രേഖപ്പെടുത്തി.
കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ഭാവാത്മകമായ സമീപനങ്ങൾ സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി. എന്നാൽ, റബറിന് വാഗ്ദാനം ചെയ്തിരിക്കുന്ന 300 രൂപ താങ്ങുവില അടിയന്തരമായി യാഥാർഥ്യമാക്കുകയും അത് കർഷകർക്ക് ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കുകയും വേണം.
മലയോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അമാന്തിക്കരുത്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ മുള്ളുവേലികളും കിടങ്ങുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നും യോഗം ഒന്നടങ്കം ആവശ്യപ്പെട്ടു.
മനുഷ്യജീവനും കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച കാർഷിക വിളകൾക്കും നാശം വരുത്തുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ ശക്തമായ നിയന്ത്രണ നടപടികൾ ഉണ്ടാകണം.
ക്രൈസ്തവ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുതിയ സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്നും പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയൊന്നാകെ ആചരിക്കുന്ന കാരുണ്യവർഷത്തോടനുബന്ധിച്ച് നിർധനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാന്ത്വനമേകുന്നതിനായി ഭദ്രാസനതലത്തിൽ നടപ്പിലാക്കേണ്ട വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് യോഗം രൂപം നൽകി.
ഭദ്രാസന വികാരി ജനറാൾ ഫാ. വർഗീസ് കാലായിൽ വടക്കേതിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, വി. ടി. രാജൻ, ജ്യോതി നൈനാൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭദ്രാസനത്തിന് കീഴിലുള്ള വിവിധ ഭക്തസംഘടനകളുടെയും ഡിപ്പാർട്ടുമെന്റുകളുടെയും പ്വർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു.
District News
പത്തനംതിട്ട: കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജില്ലയിലെ കൃഷിയിടങ്ങൾ തരിശിടേണ്ടി വരുന്പോഴും അധികൃതരുടെ രോഷം കർഷകർക്കു നേരേ. കാടുവിട്ട് ജനവാസമേഖലയിലിറങ്ങുന്ന കാട്ടുമൃഗങ്ങൾ ചത്തുവീണാൽ അതിന്റെ ഉത്തരവാദിത്വവും കർഷകനുമേൽ കെട്ടിവയ്ക്കുകയാണ് വനംവകുപ്പ്.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഒരുവർഷം മുന്‍പ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമയെ്ക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു.
സമാനമായ സംഭവമാണ് കോന്നി അതുന്പുംകുളം ആവോലിക്കുഴിയിലും ആവർത്തിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സ്വകാര്യ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമയായ കർഷകനെ തേടിയിറങ്ങിയിരിക്കുകയാണ് വനം, പോലീസ് വകുപ്പുകൾ. കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്നാണ് കണ്ടെത്തൽ. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ സ്ഥാപിച്ച സോളാർ വേലിയിൽ അധിക വൈദ്യുതി കടത്തിവിട്ടതായാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ, കർഷകനെതിരേ കേസെടുക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധമുണ്ട്. കെഎസ്ഇബിയുടെ റിപ്പോർട്ട് വരുന്നതിനു മുന്‍പുതന്നെ കർഷകർക്കെതിരേ വനംവകുപ്പ് തിരിഞ്ഞിരിക്കുകയാണ്.
വനാതിർത്തിയിൽനിന്നു കിലോമീറ്ററുകൾ താണ്ടിയാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്കെത്തുന്നത്. ഇവയെ വനാതിർത്തിയിൽ പ്രതിരോധിക്കാൻ സംവിധാനങ്ങളില്ല. കാട്ടാനയുടെ ശല്യം കാരണം പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജീവനോപാധികൾ മൃഗങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നു മാത്രമല്ല, ജീവനുതന്നെ പലയിടത്തും ഭീഷണി നിലനിൽക്കുകയാണ്.
ആനയെ ആകർഷിക്കുന്ന കൃഷി പാടില്ലെന്ന് വനംവകുപ്പ്
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ ആനയെ ആകർഷിക്കുന്ന കൃഷികൾ പാടില്ലെന്ന നിർദേശമാണ് വനംവകുപ്പ് നൽകുന്നത്. സഹ്യവനത്തോടു ചേർന്നുള്ള കൃഷിയെ സംബന്ധിച്ച് വർഷങ്ങൾക്കു മുന്‍പു തയാറാക്കിയ നയമാണ് ഇപ്പോൾ വനംവകുപ്പ് കർഷകർക്കുമുന്‍പിൽ നിരത്തുന്നത്. 1870ൽ തിരുവിതാംകൂർ സർക്കാർ രൂപപ്പെടുത്തിയ തോട്ടവികസന നയം അനുസരിച്ച് വനത്തോടു ചേർന്നുള്ള പാട്ടഭൂമിയിലോ സ്വകാര്യ ഭൂമിയിലോ റബർ, കാപ്പി, ഏലം, തേയില എന്നീ നാണ്യവിളകളുടെ കൃഷി മാത്രമാണ് അനുവദനീയമത്രേ.
മറ്റു കൃഷികൾ പലതും കാട്ടിൽ വസിക്കേണ്ട മൃഗങ്ങളെ നാട്ടിലേക്കു ക്ഷണിച്ചുവരുത്തുമെന്നാണ് വനംവകുപ്പ് പറയുന്നത്.
വനവിഭവങ്ങൾ കുറഞ്ഞതും പാരിസ്ഥിതികമായ മാറ്റങ്ങളും മൃഗങ്ങളുടെ കാടിറക്കത്തിനു കാരണമാണെങ്കിലും നാട്ടിലെ കർഷകരുടെ കൃഷി രീതികളിലുണ്ടായ മാറ്റമാണ് ഇവയെ നാട്ടിലേക്കു ക്ഷണിച്ചുവരുത്തിയിരിക്കുന്നതെന്ന് സമർഥിക്കുകയാണ് വനംവകുപ്പ്. പ്ലാവ് ഉണ്ടെങ്കിലും കർഷകർക്ക് ചക്ക ലഭിക്കാത്ത സ്ഥിതിയുണ്ട്. ആനയെ ഭയന്ന് ചക്ക ഉണ്ടാകുന്പോൾ തന്നെ കർഷകർതന്നെ സ്വയം വെട്ടിനശിപ്പിക്കുകയാണ്.
കൈതച്ചക്ക കൃഷിയെ നിരുത്സാഹപ്പെടുത്താൻ നീക്കം
ആന ഇറങ്ങുമെന്ന പേരിൽ സ്വകാര്യ കൃഷിയിടത്തിൽ കൈതച്ചക്കകൃഷി നടത്തുന്നതിനെയും വനപാലകർ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ആനകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കൈതച്ചക്കയും കരിന്പും. കൈതച്ചക്ക കൃഷി ഉള്ള മേഖലകളിലേക്ക് ആന എത്താറുണ്ട്. റബറിനു ന്യായവില ലഭിക്കാതെ വരികയും വിലസ്ഥിരത നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലാണ് കൈതക്കൃഷിയിലേക്ക് ആളുകൾ തിരിഞ്ഞത്.
കൈതത്തോട്ടം സംരക്ഷിച്ചുനിർത്തിയാണ് പലരും കൃഷി ആരംഭിച്ചത്. കാട്ടുപന്നിയുടെയും കാട്ടാനയുടെയും ശല്യം മറികടക്കാൻ സോളാർ വേലികൾ അനുവദനീയമാണ്. എന്നാൽ ഇതു സ്ഥാപിക്കുന്പോൾ പോലും വനപാലകരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കേരകൃഷിയും അപ്രത്യക്ഷമായി
മുന്‍പ് തെങ്ങ് വ്യാപകമായി കൃഷി ചെയ്തിരുന്ന മേഖലയിൽ ഇപ്പോൾ തെങ്ങ് കാണാനേയില്ല. കിഴക്കൻ മലയോര മേഖലയിൽ കാട്ടാനയുടെ ശല്യം വ്യാപകമായി തെങ്ങുകൾക്കു നേരേയുണ്ടായി. യാതൊരു തരത്തിലും ഇപ്പോൾ തെങ്ങ് സംരക്ഷിക്കാനാകാത്ത സ്ഥിതിയാണ്. തെങ്ങിൻ തൈകൾക്കു നേരേ കാട്ടുപന്നി ശല്യമുണ്ടാക്കാറുണ്ട്.
കാട്ടുപന്നിക്കൂട്ടം തെങ്ങിൻതൈകൾ പിഴുതു മറിച്ചിട്ടു നശിപ്പിക്കാറുണ്ട്. കായ്ഫലമെത്തുന്പോൾ കുരങ്ങിന്റെ വ്യാപക ശല്യം ഉണ്ടാകുന്നുണ്ട്. തെങ്ങിൽനിന്നു വിളവുകൾ ലഭിക്കാൻ തന്നെ ബുദ്ധിമുട്ടായതോടെയാണ് കേരകൃഷി ഉപേക്ഷിച്ചു തുടങ്ങിയത്. കാട്ടാന ഇറങ്ങുന്ന കൃഷിയിടങ്ങളിലെ തെങ്ങ് മറിച്ചിട്ടു നശിപ്പിക്കുന്നതും പതിവു കാഴ്ചയാണ്.
District News
അടൂര്‍: പോക്സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് വ്ലോഗര്‍മാര്‍ അറസ്റ്റില്‍. പുനലൂര്‍ അഞ്ചല്‍ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചല്‍ അഗസ്തികോട് പൂവാനും വിളയില്‍ അഗ്്നി ജൂവല്‍ (33), തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ രോഹിണിയില്‍ അനീഷ് വിജയന് (35) എന്നിവരെയാണ് അടൂര്‍ ടൗണില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും പുനലൂര്‍ അഞ്ചല്‍ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി ജൂവല്‍, അനീഷ് വിജയന്, റഹീം എന്നിവര്‍ ചേര്‍ന്നാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ മേയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഒന്നാം പ്രതിയുടെ പിതാവിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.
പോക്സോ കേസില്‍ അറസ്റ്റിലായ മകന്റെ ഫോണില്‍നിന്നുമുള്ള വീഡിയോകള്‍ പോലീസുകാര്‍ മുഖേന തങ്ങള്‍ക്കു കിട്ടിയിട്ടുണ്ടെന്നും ഈ വീഡിയോകള്‍ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കില്‍ 10 ലക്ഷം രൂപ തരണമെന്നുമായിരുന്നു വ്ലോഗര്‍മാരുടെ ആവശ്യം.
ഇത്രയും വലിയ തുക കൈവശം ഇല്ലെന്ന് പോക്സോ കേസ് പ്രതിയുടെ പിതാവ് ഇവരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തി 2.5 ലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിച്ചു. ഈ വിവരം പോക്സോ കേസ് പ്രതിയുടെ പിതാവ് അടൂര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു. അടൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച തുക കൈമാറാമെന്ന് വ്ലോഗര്‍മാരെ അറിയിച്ചു. തുടര്‍ന്ന് അടൂരിലെത്തിയ പ്രതികളെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.
അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈഎസ്്പി വി.എസ്. പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ ജെ. അജയന്, എസഐമാരായ എ.ആര്. അഭിലാഷ്, ജി.എസ്. ദീപു, രാധാകൃഷ്ണന്, അനൂപ് രാഘവന്, സിപിഒ മാരായ രാജഗോപാല്‍, നിധിന്, അര്ജുന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
തിരുവല്ല: പൊടിയാടിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി തോട്ടിലേക്ക് ഇടിഞ്ഞുവീണു. പൊടിയാടി പാണ്ടിപ്പള്ളിൽ മോഹനൻ, അയൽവാസി തോട്ടാണിശേരിൽ മുരളീധരൻ എന്നിവരുടെ ഭൂമിയാണ് സമീപത്തുകൂടി ഒഴുകുന്ന പുത്തൻതോട്ടിലേക്ക് ഇടിഞ്ഞുവീണത്.
വ്യാഴാഴ്ച വൈകുന്നേരം ഭയാനകരമായ ശബ്ദത്തോടെ ഭൂമി ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മോഹനൻ മുരളീധരൻ എന്നിവരുടെ ഒന്നര സെന്റ് വീതമോളം ഭൂമി നഷ്ടമായിട്ടുണ്ട്. തീരം ഇടിയുന്നത് ഇരുവരുടെയും വീടുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്.
ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് ഇറിഗേഷൻ വകുപ്പ് നടപടി നവീകരിച്ചിരുന്നതായും പക്ഷേ, തുടർനടപടികൾ ഒന്നുംതന്നെ ഉണ്ടായില്ലെന്നും വീട്ടുകാർ പറഞ്ഞു.
District News
നാരങ്ങാനം: ഗ്രാമങ്ങളിൽ കാട്ടുമൃഗശല്യം ഇല്ലാത്ത ബദൽ കാർഷിക പദ്ധതിക്കും തകർന്ന മരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനും മുൻഗണന നല്‍കുമെന്ന് അബിൻ വർക്കി കോടിയാട്ട് എംഎൽഎ.
നാരങ്ങാനം പഞ്ചായത്തിലെ സ്വീകരണങ്ങളുടെ സമാപനത്തിൽ അന്ത്യാളൻകാവിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ടൂറിസം ഭൂപടത്തിൽ ആറന്മുളയെ എത്തിക്കുക എന്നതും പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് അബിൻ വർക്കി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം.ആർ. രമേശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജൂലി സാബു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് അഞ്ചാനി, റോജി പോൾ ഡാനിയേൽ, പൊന്നമ്മ മാത്യു, വി. പി. മനോജ് കുമാർ, മനോജ് ഡേവിഡ് കോശി, അന്നമ്മ ഫിലിപ്പ്, ബിനു കുമാർ,
ഷാജി കലമണ്ണിൽ, ബിജു കൈതവന, റെജി പൂതക്കുഴിയിൽ, റോയ് കൊന്നക്കൽ, ബിന്ദു ബിനു, ഗീവർഗീസ് ജോൺ, റോയ് മഠത്തിലേത്ത്, തോമസ് ഏബ്രഹാം, ജോബി പാറക്കമണ്ണിൽ, തോമസ് വേങ്ങൽ എന്നിവർ പ്രസംഗിച്ചു.
District News
ഏഴംകുളം: പഞ്ചായത്ത് അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി മുതൽ പുലർച്ചെ വരെ എട്ടു കാട്ടുപന്നികളെ കൊന്നൊടുക്കി. മൊത്തം 13 പന്നികൾക്കു വെടിയേറ്റതിലാണ് എട്ടെണ്ണം ചത്തത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിന്റെ ഭാഗമായാണ് ഷൂട്ടർമാരെ എത്തിച്ചത്.
ഏഴംകുളം വടക്ക്, കനാലിനോടു ചേർന്നുള്ള സ്ഥലങ്ങൾ, അറുകാലിക്കൽ പടിഞ്ഞാറു ഭാഗങ്ങളിലായിരുന്നു ഒരു രാത്രി നീണ്ടുനിന്ന ദൗത്യം. ഒരു വർഷത്തേക്കുള്ള കരാറിലാണ് പഞ്ചായത്ത് ഷൂട്ടർമാരെ നിയോഗിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ളവരാണ് ഷൂട്ടർമാർ.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ്, പഞ്ചായത്തംഗങ്ങളായ ടി.ജി. മോഹനൻ, രാജേഷ്, രാധികാ സന്തോഷ്, കർഷകരായ ജയിംസ് കക്കാട്ടുവിള, ജോർജുകുട്ടി എന്നിവർ നേതൃത്വം നൽകി.
District News
പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷയിൽ ഒറ്റ ബാച്ച് നിലനിർത്തി വന്ന വിദ്യാലയങ്ങൾ വിജയശതമാനത്തിലും പിന്നിലായി. ഒരു ബാച്ചിലേക്കു പോലും കുട്ടികളെ തികയ്ക്കാൻ കഴിയാതെ വന്ന വിദ്യാലയങ്ങളിലാണ് വിജയവും കുറഞ്ഞത്. ഏകജാലക പ്രവേശനത്തിൽ ഏറ്റവും അവസാനഘട്ടത്തിൽ കുട്ടികളെ ലഭിക്കുന്ന ബാച്ചുകളാണിവയെന്ന് പറയുന്നു. ജില്ലയുടെ വിജയശതമാനം പിന്നിലാകാനും ഇത്തരത്തിൽ കുട്ടികളെ തികച്ച് അധ്യയനം നടത്തുന്ന ബാച്ചുകൾ ഒരു കാരണമാകുന്നുണ്ട്.
കൂടുതൽ ബാച്ചുകളുമായി മെച്ചപ്പെട്ട നിലയിൽ അധ്യയനം നടന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ മെച്ചപ്പെട്ട വിജയമാണ് ഇക്കുറിയും കൈവരിച്ചത്. 81 വിദ്യാലയങ്ങളിലാണ് ഇത്തവണ ഹയർ സെക്കൻഡറി ബാച്ചുകളുണ്ടായിരുന്നത്.
സർക്കാർ ജിഎച്ച്എസ്എസ് തെങ്ങമമാണ് മുന്നിലെത്തിയത്. 82 കുട്ടികൾ പരീക്ഷ എഴുതിയതിൽ 79 പേരും വിജയിച്ചു. 96.34 ശതമാനം വിജയം സ്കൂളിനു ലഭിച്ചു. 202 കുട്ടികളെ പരീക്ഷയ്ക്ക് അയച്ച് 184 പേരെ വിജയിപ്പിച്ച് 91.09 ശതമാനം വിജയം കരസ്ഥമാക്കിയ ചിറ്റാർ ഗവ. എച്ച്എസ്എസ്എസിനും ശ്രദ്ധേയമായ വിജയമാണ്.
വടശേരിക്കര മോഡൽ റസിഡൻഷൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. സ്പെഷൽ സ്കൂളുകളിൽ മണക്കാല എച്ച്എസ്എസിനാണ് നൂറു ശതമാനം വിജയം കൈവരിക്കാനായത്.
എയ്ഡഡ് സ്കൂളുകളിൽ പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസിനാണ് തിളക്കമാർന്ന വിജയമുള്ളത്. 136 കുട്ടികൾ പരീക്ഷ എഴുതിയതിൽ 134 പേരും വിജയിച്ചു. 98.53 ശതമാനം വിജയം കൈവരിക്കാനായി.
അടൂർ ഹോളി ഏഞ്ചൽസ് എച്ച്എസ്എസിൽ 99 കുട്ടികൾ പരീക്ഷ എഴുതിയതിൽ 89 പേർ വിജയിച്ചു. 93.68 ശതമാനം വിജയം കൈവരിച്ചു. കുളനട, പ്രമാടം സ്കൂളുകൾക്കും 89 ശതമാനം വിജയം കൈവരിക്കാനായി.
District News
തിരുവല്ല: ഇടിമിന്നലിൽ വീടിന് നാശനഷ്ടം. കുറ്റൂർ തലയാർ പള്ളന്റെപറമ്പിൽ വീട്ടിൽ ജയകുമാറിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീട്ടിലെ ഭിത്തി വിണ്ടു കീറി.
വൈദ്യുതി മീറ്റർ ഭാഗികമായി കത്തി, ടിവി യുടെ പ്ലഗ് ബോർഡ് . വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ പ്ലഗ് ബോർഡ് , മോട്ടോർ വയറുകൾ, തുടങ്ങിയവ കത്തിനശിച്ചു.
ഇതേ സമയം വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി. ഈ സമയത്ത് ജയകുമാറും 85 വയസുള്ള അമ്മ രുഗ്മിണിയമ്മയും വീട്ടിൽ ഉണ്ടായിരുന്നു.
District News
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡിനെതിരേ സിപിഎം നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മാർച്ച് ഉദ്ഘാടം ചെയ്തു. ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, കെ.യു. ജനീഷ്കുമാർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ. സജികുമാർ, ടി. സക്കീർഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പുല്ലാട്ട് നടന്ന പ്രതിഷേധ മാർച്ച് ഏരിയാ കമ്മിറ്റിയംഗം എ.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധം ഇന്ന്
പത്തനംതിട്ട : പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ടുമണിക്കൂറോളം സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ തടഞ്ഞു നിർത്തി ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം നാലിന് എൽഡിഎഫ് നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനവും യോഗവും നടക്കും. എൽഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.
കോൺഗ്രസ് പാർട്ടിയും ബിജെപിയും സംസ്ഥാന തലത്തിൽ നടത്തിയ ഡീലിന്റെ ഭാഗമായിട്ടാണ് കേരള മുഖ്യമന്ത്രി ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടതും വ്യവസ്ഥപ്രകാരമുള്ള പ്രതികാരനടപടികൾ തുടങ്ങിയതുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല ആരോപിച്ചു.
പന്തളത്ത് യുഡിഎഫ് ബോർഡുകൾ തകർത്തു
പന്തളം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകളിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ പന്തളത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുഡിഎഫ് മന്ത്രിസഭയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ തല്ലിത്തകർത്തു.
കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികൾ നടത്തുന്ന നടപടികളിൽ കേരളത്തിലെ കോൺഗ്രസിനോ പുതിയ ഗവൺമെന്റിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ, കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത സിപിഎം നടപടി ബാലിശവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് , ജനറൽ സെക്രട്ടറി ഇ. എസ്. നുജുമുദീൻ എന്നിവർ കുറ്റപ്പെടുത്തി.
District News
പത്തനംതിട്ട: പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കേ ആശങ്ക ഒഴിയാതെ രക്ഷിതാക്കൾ. കുട്ടികളുടെ സുരക്ഷിതത്വമാണ് രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം. രാവിലെ സ്കൂളിലേക്കുള്ള യാത്ര മുതൽ വൈകുന്നേരം കുട്ടികൾ മടങ്ങി എത്തും വരെ നെഞ്ചിടിപ്പ് മാറില്ലെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. യാത്ര മുതൽ സ്കൂൾ അന്തരീക്ഷംവരെ രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്.
പൊതുഗതാഗതം, സ്കൂൾ വാഹനങ്ങൾ എന്നിവയിലെ യാത്രകൾ, ലഹരി വ്യാപനം, തെരുവുനായ ശല്യം തുടങ്ങി പൊതുസമൂഹം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അധികൃതർക്കുമാകുന്നില്ല. വിവിധ സർക്കാർ വകുപ്പുകൾ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഇവയെല്ലാം കാര്യക്ഷമായിട്ടില്ലെന്നാണ് ആക്ഷേപം.
സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് നിർദ്ദേശം നൽകിയിരുന്നു. സ്കൂൾ അധികൃതരെ കൂടാതെ പ്രധാന വകുപ്പുകളുടെ തലവന്മാരെ കൂടി ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തി. എക്സൈസ്, വനം, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ്, അഗ്നിസുരക്ഷാ സേന എന്നീ വകുപ്പുകൾ ക്ലാസിൽ പങ്കെടുത്തു. വിവിധ വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ ക്ലാസുകളുമെടുത്തു.
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ , വിദ്യാർഥികളുടെ ഇടയിൽ ലഹരി സംഘങ്ങളുടെ സ്വാധീനം, പുലർത്തേണ്ട മുൻകരുതലുകൾ, ഫസ്റ്റ് എയ്ഡ്, മറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചു വിശദമായ ക്ലാസുകൾ നടന്നു. ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധികളിലും സ്കൂളുകൾക്കായി ഇത്തരം പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
സ്കൂൾ ബസ് യാത്ര
സ്കൂൾ വാഹനങ്ങൾ സംബന്ധിച്ച് കർശന മാർഗനിർദേശങ്ങളാണ് മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്. എല്ലാ വാഹനങ്ങളും കൃത്യമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നിർദേശം. പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാഹനങ്ങളിൽ പതിപ്പിച്ചിരിക്കണമെന്നും ഇതുകൂടാതെ നിരത്തിൽ ഇറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂൾ ബസുകളുടെ ഡ്രൈവർമാരെ സംബന്ധിച്ചും കർശന നിർദേശങ്ങളുണ്ട്. പരിചയസമ്പന്നരും പക്വതയുള്ളവരും ആയിരിക്കണം ഡ്രൈവർമാർ എന്നതാണ് പ്രധാന ആവശ്യം. ഡ്രൈവർമാരുടെ പ്രായം, പരിചയം, മേൽവിലാസം, ലൈസൻസ് കോപ്പി എന്നിവ പോലീസിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. സ്കൂളുകളുടെ ആവശ്യത്തിന് ഓടുന്ന എല്ലാ വാഹനങ്ങളുടെയും ഡ്രൈവർമാരെ സംബന്ധിച്ച വിവരങ്ങൾ പോലീസിനും മോട്ടോർ വാഹനവകുപ്പിനും നൽകണം.
ചെറുപ്രായക്കാരായ കുട്ടികളെ മുതൽ രാവിലെ ഏഴിനു മുന്‍പുതന്നെ വാഹനങ്ങളിൽ കയറ്റി നാടു മുഴുവൻ കറക്കി 9.30ഓടെ സ്കൂളിലെത്തിക്കുന്ന രീതി പലയിടത്തും കണ്ടുവരുന്നുണ്ട്. ഇതിനെതിരേ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാവിലെ 8.30നു ശേഷം മാത്രമേ കുട്ടികളെ സ്കൂളിലേക്കു കൊണ്ടുപോകാൻ അനുവദിക്കാവൂ എന്നാണ് പലരും ആവശ്യപ്പെടുന്നത്.
നിരത്തുകളിൽ അപകടക്കെണി
സ്കൂൾ വാഹനങ്ങൾ കൂടി എത്തുന്നതോടെ പ്രധാന നിരത്തുകളിൽ വാഹനബാഹുല്യം ഏറും. സ്കൂൾ സമയം പാലിക്കുന്നതിനായി ഡ്രൈവർമാർ പലപ്പോഴും വാഹനങ്ങൾ അലക്ഷ്യമായി ഓടിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ടിപ്പർ വാഹനങ്ങൾക്ക് സ്കൂൾ സമയത്ത് വിലക്കുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം ഈ വിലക്കിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
സ്കൂൾ വാഹനങ്ങൾ കാത്തു നിൽക്കുന്ന കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. വാഹനങ്ങളുടെ സ്റ്റോപ്പുകളെ സംബന്ധിച്ചു പലപ്പോഴും അവ്യക്തതകളുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പലപ്പോഴും സ്കൂൾ വാഹനങ്ങൾ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുണ്ട്. ഇത് വാഹനത്തിൽനിന്നിറങ്ങുന്ന കുട്ടികൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നുണ്ട്.
പൊതുനിരത്തുകളിലെ തെരുവുനായ ശല്യമാണ് മറ്റൊരു പ്രധാന പ്രശ്നം. നിരവധി സ്കൂൾ വിദ്യാർഥികളാണ് സമീപ കാലത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിനു വിധേയരാകുന്നത്. വിദ്യാലയ പരിസരങ്ങളിൽ പോലും നായ്ക്കളുടെ ശല്യമുണ്ട്.
പൊതുഗതാഗതം
സ്വകാര്യ, കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണവും ഏറെയാണ്. സ്വകാര്യ ബസുകളിൽ കുട്ടികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ അധ്യയന വർഷം തുടങ്ങുന്പോൾത്തന്നെയുണ്ടാകും. കൺസഷൻ അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ല. സ്കൂളുകൾക്കു സമീപം ബസുകൾ നിർത്താത്തത്, ബസ് സ്റ്റാൻഡുകളിൽനിന്ന് കയറുന്ന കുട്ടികൾക്ക് സീറ്റ് നിഷേധിക്കുന്നതടക്കമുള്ള പരാതികൾ ഏറെയാണ്.
കെഎസ്ആർടിസിയിൽ സൗജന്യയാത്ര പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ആനുകൂല്യം പെൺകുട്ടികൾക്കും ലഭിക്കും. ഇതോടെ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥിനികളുടെ തിരക്ക് ഏറാൻ സാധ്യതയുണ്ട്. സ്കൂൾ സമയങ്ങളിൽ പല റൂട്ടുകളിലും ആവശ്യാനുസരണം ബസ് സർവീസുകളില്ലാത്തതു സംബന്ധിച്ച വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്.
സ്കൂൾപരിസരത്തും അപകടസാധ്യതകൾ
സകൂൾ പരിസരങ്ങളിൽ വിവിധ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. സ്കൂളിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുക, പരിസരത്തെ കാട് വെട്ടിത്തെളിക്കുക, കെഎസ്ഇബി ലൈനുകൾ സ്കൂൾ പരിസരത്തു കൂടി കടന്നുപോകുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പു തന്നെ നൽകിയിട്ടുണ്ട്.
ടിൻ ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര സ്കൂളുകൾക്ക് പാടില്ലെന്നു നിർദേശമുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഇതു നടപ്പാക്കിയിട്ടില്ല. പരിസര ശുചീകരണം, ശുദ്ധമായ കുടിവെള്ള ലഭ്യത എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്. സ്കൂൾ തുറന്നാലുടൻ ആരോഗ്യവകുപ്പ് സംഘം എല്ലാ സ്കൂളുകളും പരിശോധിക്കും.
പാതയോരങ്ങളിലെ സുരക്ഷിതത്വം
സ്കൂളിനു സമീപമുള്ള റോഡുകളിൽ അപകടം പതിയിരിക്കുന്നു. 80 ശതമാനം സ്കൂളുകളും പാതയോരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാതകളോടു ചേർന്നു പ്രവർത്തിക്കുന്ന സ്കൂളുകളിലെ കുട്ടികൾ രാവിലെയും വൈകുന്നേരവും റോഡ് മുറിച്ചുകടക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഹയർ സെക്കൻഡറി സ്കൂളുകളിൽ എസ്പിസി കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കുട്ടികളുടെ യാത്ര അപകടരഹിതമാക്കുന്നത്.
പിഎം റോഡിൽ കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷനിലെ അപകടങ്ങൾ കുറയ്ക്കാൻ കെഎസ്ടിപി ഇനിയും തയാറായിട്ടില്ല. പുനലൂർ - മൂവാറ്റുപുഴ റോഡിൽ അപകടങ്ങളുടെ ബ്ളാക്ക് സ്പോട്ടുകളിൽ പെട്ടതാണ് കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷൻ. നിരവധി അപകടങ്ങൾ നടന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും ഹൈസ്കൂൾ ജംഗ്ഷനിലുണ്ട്.
നിയന്ത്രണം വിട്ട വാഹനങ്ങൾ ഇടിച്ചിട്ട തെരുവുവിളക്ക് പോസ്റ്റുകൾ, ഫുട്പാത്തിനെയും റോഡിനെയും വേർതിരിക്കുന്ന കമ്പികൾ കൊണ്ടുള്ള കൈവരികൾ, വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ടയറിന്റെ അടയാളങ്ങൾ എന്നിവ ഉദാഹരണങ്ങൾ. വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്ത റോഡിൽ അമിതവേഗത്തിണ് വാഹനങ്ങളുടെ സഞ്ചാരം. സ്കൂൾ ഉണ്ടെന്ന സിഗ്നൽ ബോർഡ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല. റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾക്കു വേണ്ടി ഓവർ ബ്രിഡ്ജ് ഉള്ളതാണ് ഏക ആശ്വാസം.
മൈലപ്ര ജംഗ്ഷനിലും സമാന സ്ഥിതിയുണ്ട്. സ്കൂൾ സമയത്ത് റോഡ് മുറിച്ചുകടക്കുക ബുദ്ധിമുട്ടാണ്. എസ്പിസി കേഡറ്റുകളാണ് കുട്ടികളെ സഹായിക്കുന്നത്. പോലീസ് സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. റാന്നി എംഎസ്, എസ്സി സ്കൂൾ ജംഗ്ഷനുകളിലും പിഎം റോഡിൽ ഇതേ വിഷയങ്ങളുണ്ട്.
ദേശീയപാത 183 എയിൽ പത്തനംതിട്ട കോളജ് ജംഗഷൻ, ഓമല്ലൂർ, കൈപ്പട്ടൂർ, തട്ട, കടന്പനാട് എന്നിവിടങ്ങളിൽ സ്കൂൾ കുട്ടികൾക്കു പാത മുറിച്ചുകടക്കാൻ അരികിലൂടെ നടക്കാനുമൊക്കെ ബുദ്ധിമുട്ടുകളേറെയാണ്. ടികെ റോഡിൽ കോഴഞ്ചേരി, ഇരവിപേരൂർ ജംഗ്ഷനുകളിലും സ്കൂൾ സമയത്ത് തിരക്ക് കൂടുതലാണ്.
ലഹരി നിയന്ത്രണം
സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് രാസലഹരി വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. കഴിഞ്ഞ അധ്യയനവർഷങ്ങളിൽ ഇതുസംബന്ധിച്ചുയർന്ന പരാതികളിൽ ശക്തമായ നടപടികളുണ്ടായിട്ടില്ല. ലഹരിയുടെ ഉറവിടം കണ്ടെത്തി നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം. സ്കൂൾ പരിസരങ്ങളിൽ എത്തുന്ന അജ്ഞാതരെ സംബന്ധിച്ച് വിദ്യാലയ അധികൃതർക്ക് വിവരം ശേഖരിക്കാനാകുന്നില്ല. സമീപ സ്ഥലങ്ങളിലെ വ്യാപാര ശാലകൾ, ഇടവഴികൾ എന്നിവിടങ്ങളിൽ പോലീസ്, എക്സൈസ് പരിശോധനകൾ ഉണ്ടാകണമെന്ന ആവശ്യം രക്ഷിതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ഉദാസീനരായി കാണപ്പെടുന്ന വിദ്യാർഥികൾക്കുമേൽ നിരീക്ഷണം വേണം. എസ്പിസി, എൻഎസ്എസ് പ്രവർത്തകരായ വിദ്യാർഥികൾ അടങ്ങുന്ന രഹസ്യനിരീക്ഷണ സേനയെ നിയമിച്ച് വിവരങ്ങൾ തേടണമെന്ന ആവശ്യം സ്കൂൾ പിടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മാതാപിതാക്കൾക്കും ബോധവത്കരണം ആവശ്യമാണെന്ന് അധ്യാപകർ പറയുന്നു.
District News
അടൂർ: അപകടകരമായ രീതിയിൽ വായിൽ കുടുങ്ങിയ മീൻമുള്ള് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ നീക്കം ചെയ്തു. എഴുപതുകാരനായ ഫിലിപ്പ് എന്നയാൾ കരിമീൻ ഫ്രൈ കഴിച്ചതിനു പിന്നാലെ പത്തു ദിവസങ്ങളോളം കഴിഞ്ഞു ഇടത് കഴുത്ത് ഭാഗത്ത് ക്രമേണ വർധിച്ചുവരുന്ന വീക്കം, ശക്തമായ വേദന, ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിഴുങ്ങുമ്പോൾ വേദന, ശ്വാസതടസം എന്നീ പ്രശ്നങ്ങളുമായി ലൈഫ് ലൈൻ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. രോഗിയുടെ നില ആശങ്കാജനകമായിരുന്നു.
വേദന അനുഭവപ്പെട്ടപ്പോൾ പുറത്തുവച്ച് നേരത്തേ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ മറ്റു വസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാരണത്താൽ വിദഗ്ധ പരിശോധനയും വൈകിയിരുന്നു.
ലൈഫ് ലൈനിൽ എത്തിയപ്പോൾത്തന്നെ റേഡിയോളോജിസ്റ്റ് ഡോ. അജി രാജൻ നടത്തിയ ആവർത്തിച്ച അൾട്രാസൗണ്ട് സ്കാനിംഗിൽ വായുടെ അടിഭാഗത്ത് ഉമിനീര് ഗ്രന്ഥിക്കടുത്തു (സബ്മാൻറ്റിബുലാർ ഗ്ലാൻഡ്) നേരിയ തിളക്കമുള്ള ഒരു വസ്തു കാണപ്പെട്ടു. ഏകദേശം മൂന്നു സെന്റീമീറ്ററിലേറെ വലിപ്പം വരുന്ന അതിനു ചുറ്റും കുരുക്കൾ പോലെ ഒരു വളർച്ചയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
വേഗത്തിൽ പടരുന്ന ഡീപ് നെക്ക് ഇൻഫെക്ഷനും ശ്വാസനാളം അടയാനുള്ള സാധ്യതയും കണക്കിലെടുത്ത് രോഗിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ. മാത്യൂസ് ജോൺ നേതൃത്വം വഹിച്ചു. ഇഎൻടി വിഭാഗം മേധാവി ഡോ ഐക്ക് തോമസും അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും അദ്ദേഹത്തെ സഹായിച്ചു.
ആദ്യ ശ്രമത്തിൽ പഴുപ്പ് പുറത്തുവന്നെങ്കിലും സ്കാനിംഗിൽ തെളിഞ്ഞ വസ്തുവിനെ കണ്ടെത്താനായില്ല. അതിനാൽ അത് കഴുത്തിന്റെ ആഴത്തിലുള്ള ഭാഗങ്ങളിലേക്ക് നീങ്ങിയിരിക്കാമെന്ന സംശയം ഉയർന്നു. തുടർന്ന് ഇൻട്രഓപ്പറേറ്റീവ് അൾട്രാസൗണ്ട് ഉപയോഗിച്ച്, അൾട്രാസൗണ്ട് ഗൈഡഡ് എക്സ്റ്റേണൽ നീഡിൽ ലോക്കലൈസേഷൻ കൃത്യമായ ത്രിമാന സ്ഥാനം കണ്ടെത്തി. പരിശോധനയിൽ മീൻമുള്ള് സബ്മാൻഡിബുലാർ ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതായി കണ്ടെത്തി. മീൻ മുള്ളു പുറത്തെടുക്കുമ്പോൾ ചുറ്റും കുരുക്കളും പഴുപ്പ് നിറഞ്ഞ അവസ്ഥയും ആയിരുന്നു.
ഗുരുതരമായ അവസ്ഥ ആയിരുന്നതിനാൽ രോഗി വെന്റിലേറ്ററിൽ തുടരുകയും ദിവസങ്ങൾക്കുള്ളിൽ പൂർണ ആരോഗ്യത്തിൽ തിരിച്ചു വരികയും ചെയ്തു. രുചികരമായ മൽസ്യമാണെങ്കിലും സൂക്ഷിച്ചു കഴിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോ മാത്യൂസ് ജോൺ പറഞ്ഞു.
District News
ഇലന്തൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹം ഇന്നും നിരവധി തരത്തിലുള്ള പീഡനങ്ങളും വിവേചനങ്ങളും സുരക്ഷാ വെല്ലുവിളികളും നേരിടുകയാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസ് ഇലന്തൂർ സോൺ പ്രവർത്തന ഉദ്ഘാടനം ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾക്കും സാമൂഹിക ഒറ്റപ്പെടുത്തലിനും ഇരയാകുന്ന ക്രൈസ്തവ സമൂഹത്തോടൊപ്പം അന്തർദേശീയ സമൂഹം ശക്തമായി നിലകൊള്ളണമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കെസിസി ഇലന്തൂർ സോൺ പ്രസിഡന്റ് റവ. എം. സി. സാമുവേൽ അധ്യക്ഷത വഹിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യാതിഥി ആയിരുന്നു. ജില്ല പ്രസിഡന്റ് ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, സെക്രട്ടറി അനീഷ് തോമസ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുകുന്ദന്, കെസിസി ജില്ലാ സെക്രട്ടറി അനീഷ് തോമസ്,
ഫാ.ലിനു എം.ബാബു, റവ. ഷാജി കെ ജോർജ്, റവ.ബാബു കുളത്തക്കൽ, റവ. ബിനു ജോൺ , റവ.ലികുഷ് കോശി, റവ.ഫെബിൻ മാത്യു, റവ.റെജി കെ. ഫിലിപ്പ്, റവ.ജേക്കബ് വർഗീസ്, സോണ്‍ സെക്രട്ടറി സ്കറിയ തോമസ്, സാം മാത്യു, ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
District News
വടശേരിക്കര: ആഴ്ചകളായി കാട്ടാന ശല്യം നേരിടുന്ന വടശേരിക്കര ടൗണിനോടു ചേർന്ന പ്രദേശങ്ങളിൽ ജനജീവിതം ദുഃസഹം. നേരം പുലർന്നാലും കാട്ടാന കാടുകയറുന്നില്ല. ഇക്കാരണത്താൽ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
ശബരിമല പാതയിലെ വടശേരിക്കര ടൗണിനു സമീപത്താണ് കാട്ടാനയുടെ നിരന്തര ശല്യം ഉണ്ടാകുന്നത്. ഇന്നലെ രാവിലെയും കാട്ടാനകൾ പ്രദേശത്ത് തന്പടിച്ചിരുന്നു. വനാതിർത്തിയിൽ നിന്നും പത്ത് കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിവിടം. കഴിഞ്ഞദിവസങ്ങളിൽ വൻ കൃഷിനാശമാണ് കാട്ടാനകൾ പ്രദേശത്ത് വരുത്തിയത്.
കാട്ടാനക്കൂട്ടത്തെ അടിയന്തരമായി ഉൾക്കാട്ടിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്ന് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവി പിള്ളയുടെ അധ്യക്ഷത വഹിച്ചു.
ആനകൾ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം വടശേരിക്കര ടൗണിലും പരിസരത്തുമുള്ള കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു. ചെറുക്കാവ് അമ്പലത്തിനു സമീപമുള്ള ശബരിമല ഇടത്താവളത്തിൽ രാത്രി വിശ്രമിക്കുന്ന അയ്യപ്പ ഭക്തരുടെ ജീവനും കാട്ടാനക്കൂട്ടം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഗുരുതരമായ ഈ സാഹചര്യം ഉണ്ടായിട്ടും ജനപ്രതിനിധികളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതിനെതിരെ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
വടശേരിക്കരയിൽ വനം റേഞ്ച് ഓഫീസ് ഉണ്ടെങ്കിലും ടൗണിൽ ആന ഇറങ്ങിയാൽ 20 കിലോമീറ്റർ അകലെയുള്ള ചിറ്റാറിൽ നിന്നാണ് വനപാലകർ എത്തേണ്ടത്. ഇവർ എത്തിയാൽ തന്നെ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല. പടക്കം പൊട്ടിച്ച് ആനകളെ ആറുകടത്തി വിടുമ്പോൾ, അക്കരെയുള്ള തണ്ണിത്തോട്ടിലെ വനപാലകർ അവിടെനിന്നും പടക്കം പൊട്ടിച്ച് ഇങ്ങോട്ട് തന്നെ തിരികെ വിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടയിൽ ചുറ്റിത്തിരിയുന്ന ആനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തുന്നത്.
അശാസ്ത്രീയമായ രീതി അവസാനിപ്പിച്ച്, എത്രയും പെട്ടെന്ന് ആനകളെ സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് മടക്കിവിടാൻ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലപ്രസിഡന്റ് രവി പിള്ള ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ജോൺസ് യോഹന്നാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പെരിങ്ങര രാധാകൃഷ്ണൻ, ഇപ്പൻമാത്യു, ഷിബു തോമസ്, സൗദാമിനി, കോന്നി മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപ്, ആറന്മുള മണ്ഡലം പ്രസഡന്റ് ഇസ്മായിൽ, ഗോപകുമാർ, ശശിധരൻ നായർ, ഹുസൈൻ എന്നിവർ പങ്കെടുത്തു.
District News
പത്തനംതിട്ട: ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ ചിത്രം പ്രൊഫൈലാക്കിയ വാട്സ്ആപ്പ് നന്പരിൽ നിന്നും സന്ദശം അയച്ച് പണം തട്ടാൻ ശ്രമം. ജില്ലയിലെ മാധ്യമ പ്രവർത്തകർക്കാണ് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറുടെ വ്യക്തിഗത ഫോൺ നന്പറാണെന്ന പേരിൽ ഇന്നലെ സന്ദേശം എത്തിയത്. പത്തനംതിട്ട: ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ ചിത്രം പ്രൊഫൈലാക്കിയ വാട്സ്ആപ്പ് നന്പരിൽ നിന്നും സന്ദശം അയച്ച് പണം തട്ടാൻ ശ്രമം.
ജില്ലയിലെ മാധ്യമ പ്രവർത്തകർക്കാണ് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറുടെ വ്യക്തിഗത ഫോൺ നന്പറാണെന്ന പേരിൽ ഇന്നലെ സന്ദേശം എത്തിയത്. ക്ഷേമം അന്വേഷിച്ചെത്തിയ സന്ദേശങ്ങൾക്കു പിന്നാലെയാണ് അടിയന്തര ആവശ്യമായി പണം ചോദിച്ചത്.
ഇതോടെ തട്ടിപ്പ് മനസിലാക്കിയ മാധ്യമ പ്രവർത്തകർ വിവരം ജില്ലാ കളക്ടറെയും എസ്പിയെയും അറിയിക്കുകയായിരുന്നു. സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബർ സെൽ പരിശോധിച്ചു വരികയാണ്.
District News
തിരുവല്ല: അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വയോധികന് അറസ്റ്റിൽ. നിരണം കുരട്ടിയില്‍ വീട്ടില്‍ സോമനെ (64)യാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നിരണം സ്വദേശി കൊച്ചുമുറ്റത്തേതില്‍ വീട്ടില്‍ തങ്കച്ച (63) നെയാണ് ഇയാള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്കേസ്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ മാന്നാറില്‍ നിന്നും വിട്ടു സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശിൽ സോമന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കച്ചന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍, സിപിഒമാരായ രവികുമാര്‍, അനീഷ്, സുദീപ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സോമനെ റിമാന്‍ഡ് ചെയ്തു.